അരൂർ: പട്ടാപ്പകൽ മാലിന്യം തള്ളുന്ന ഇൻസുലേറ്റഡ് വാനുകൾ അരൂർ ദേശീയപാതയിൽ സ്ഥിരം കാഴ്ച. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് വെനാമി ചെമ്മീൻ അരൂരിലെ സമുദ്രോൽപ്പന്ന കയറ്റുമതി ശാലകളിൽ എത്തിക്കുന്ന വാഹനങ്ങളും , പ്രാദേശികമായി ഓടുന്ന മറ്റു വാനുകളിലും മലിനജലം കയറ്റിക്കൊണ്ടുപോയി പട്ടാപ്പകൽ ദേശീയപാതയിൽ ഓട്ടത്തിനിടെ തന്നെ ഒഴിച്ചു കളയുന്നത് സ്ഥിരം കാഴ്ചയാണ്. മഴക്കാലങ്ങളിൽ ഈ ഒഴിച്ചു കളയൽ അത്രയൊന്നും ശ്രദ്ധിക്കാതെ പോകും.
എന്നാൽ മഴയില്ലാത്ത സമയങ്ങളിൽ സിഗ്നൽ ലൈറ്റുകൾ കണ്ടാൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ദുർഗന്ധത്തോടെ അമിതമായി ഒഴുകുന്ന മലിനജലത്തിൻറെ കാര്യം ഒരാളും ചോദ്യം ചെയ്യാൻ തയ്യാറാകാത്തതാണ് ഇതു പോലുള്ള വാഹനങ്ങൾ സ്ഥിരമായി അരൂരിലെ ദേശീയപാതയിൽ പോലും ഓടാൻ ഇടയാക്കുന്നത്. ഇൻസുലേറ്റ് വാനുകളുടെ അടിഭാഗത്ത് വലിയ ഒന്നോരണ്ടോ പ്ലാസ്റ്റിക് വീപ്പകൾ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആവശ്യമായ സമയത്ത് തുറക്കാൻ കഴിയുന്ന വിധത്തിൽ അതിൽ ടാപ്പുകളും ഘടിപ്പിച്ചിരിക്കും. ഓട്ടത്തിനിടയിൽ മുഴുവൻ മലിനജലവും ഒഴുക്കിക്കളയാൻ വേണ്ടി ദേശീയപാതയിൽ എത്തിയാൽ തുറന്നു വെക്കും. ഇത്തരം മാലിന്യം ഒഴുക്കുന്ന വാഹനങ്ങളെ തിരിച്ചറിയാൻ പോലീസ് പട്രോളിങ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം ഒഴിച്ചുകളയാൽ കായൽ സമീപത്ത് ഇല്ലാത്ത കമ്പനികളാണ് ഇത്തരത്തിൽ മലിനജലം ഒഴിച്ചു കളയാൻ കരാർ കൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.