അരൂർ: റേഷൻകട മലയാളിക്ക് ഗൃഹാതുരസ്മരണ കൂടിയാണ്. ഓണക്കാലത്ത് റേഷൻ കടകളിലെ തിരക്ക് ഇന്ന് പഴയ തലമുറക്കെങ്കിലും ആഹ്ലാദകരമായ ഓർമയായിരിക്കും. അവിടെ നിന്ന് കിട്ടുന്ന അരിയുടെ സമൃദ്ധിയായിരുന്നു ഓണത്തെ അല്ലലില്ലാതാക്കിയിരുന്നത്.
അരി എപ്പോൾ എത്തും? പഞ്ചസാരയും മണ്ണെണ്ണയും ഉണ്ടോ? ഗോതമ്പ് വന്നോ എന്നീ റേഷൻ കട ചോദ്യങ്ങൾ സജീവമായിരുന്ന കാലം കൂടിയായിരുന്നു അത്. കുട്ടികൾക്ക് റേഷൻ കടകളിൽ പോകുന്നത് അത്ര ഇഷ്ടമല്ലെങ്കിലും അവരായിരുന്നു അന്നത്തെ പ്രധാന ചരക്ക് കടത്തുകാർ. ഓണക്കാലത്ത് രാത്രി ഏറെ വൈകിയായിരുന്നു റേഷൻ കടക്ക് താഴ് വീണിരുന്നത്. സ്പെഷൽ അരി, പഞ്ചസാര, മണ്ണെണ്ണ, പാമോയിൽ എന്നിങ്ങനെ വീടുകളെ പട്ടിണിയിൽനിന്ന് കാത്ത ഓരോ റേഷൻകട വിഭവങ്ങളും മലയാളിക്ക് മറക്കാനാകാത്തവയാണ്. റേഷൻ കടയിൽനിന്ന് കിട്ടുന്നതുകൊണ്ടു മാത്രം ഓണത്തെ ആഘോഷമാക്കിയിരുന്നവരും ഏറെ.
പല രീതിയിൽ റേഷൻകടകളെ ആധുനീകരിക്കാൻ സർക്കാർ ശ്രമിച്ചിട്ടും വിജയത്തിലെത്തിയിട്ടില്ല. ഏറ്റെടുക്കാൻ ആളില്ലാതെ നിലച്ചുപോകുന്ന സ്ഥിതിയിലാണ് പല കടകളും.
അഞ്ചു കിലോയുടെ പാചകവാതക വിതരണം, മിൽമ ഉൽപന്നങ്ങളുടെ വിൽപന, എ.ടി.എം സെൻറർ, കമ്പ്യൂട്ടർ, സ്കാനിങ് മെഷീൻ, പ്രിന്റർ തുടങ്ങിയവ ഒരുക്കാനുള്ള നീക്കവും വിജയത്തിലെത്തിയില്ല. ഹൈടെക് റേഷൻ കടകളുടെ തയാറെടുപ്പിന് വായ്പയെടുത്ത് കടക്കെണിയിലായവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.