അരൂർ: അരൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ പലതും തകർന്നു. ആസൂത്രണപ്പിഴവും സാങ്കേതിക ഉദ്യോഗസ്ഥരുടെ ഇല്ലായ്മയും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും കരാറുകാർ റോഡ് പണി ഏറ്റെടുക്കാതിരിക്കുന്നതുമാണ് റോഡ് തകർച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടതുഭരണം നടക്കുന്ന പഞ്ചായത്താണ് അരൂർ പഞ്ചായത്ത്.
സർക്കാറിന്റെ പല ഫണ്ടും റോഡ് പണിക്ക് പഴയ കാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നേതാക്കന്മാരുടെ വാർഡുകളിൽപോലും സർക്കാർ ഫണ്ടിൽനിന്ന് റോഡ് പണിക്ക് പണം ലഭിക്കുന്നില്ല.
ആസൂത്രണ പിഴവാണ് അരൂരിലെ ഗ്രാമീണ റോഡുകൾ നാളുകളായി അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയാത്തതെന്ന് പ്രതിപക്ഷം പറയുന്നു.
പുതിയ റോഡുകൾ നിർമിക്കുന്നത് കഴിഞ്ഞ രണ്ട് വർഷമായി ഏറ്റെടുത്തിട്ടില്ല. പ്രധാന റോഡുകൾ പലതിന്റെയും അറ്റകുറ്റപ്പണിപോലും നടക്കുന്നില്ല. 10 ലക്ഷം രൂപ വീതം ഓരോ വാർഡിലേക്കും നൽകുന്ന അശാസ്ത്രീയമായ പങ്കുവെക്കലാണ് ഇപ്പോഴും നടക്കുന്നത്.
കോവിഡ് വ്യാപന കാലത്ത് റോഡ് പണി നടന്നില്ല. പകരം ജനങ്ങളുടെ അതിജീവന പദ്ധതികൾക്കായിരുന്നു മുൻതൂക്കം.
പഴയ ജീവിതാവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടും പഞ്ചായത്ത് ഭരണസമിതി പശ്ചാത്തല മേഖല കാര്യക്ഷമമാക്കുന്നതിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വ്യവസായ കേന്ദ്രവും ജനസംഖ്യയിലുള്ള അപൂർവമായ വർധനയും ആളുകളുടെ എണ്ണത്തിലുള്ള കൂടുതലും വകവെക്കാതെയാണ് സർക്കാർ പഞ്ചായത്തിലേക്ക് സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
തിരക്കില്ലാത്ത മറ്റു പഞ്ചായത്തുകളിലെ അതേ സ്റ്റാഫ് പാറ്റേൺ ആണ് അരൂർ പഞ്ചായത്തിലേതും. ഇക്കാര്യം ഭരണസമിതി പലതവണ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും മാറ്റം വരുത്താൻ സർക്കാർ ശ്രമിച്ചിട്ടില്ല. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ റോഡ് സാമഗ്രികൾതന്നെ ഇല്ലാതായ പല റോഡുകളും അരൂരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.