കു​മ്പ​ളം ടോ​ൾ പ്ലാ​സ

കൊച്ചിയുടെ ഉപഗ്രഹനഗരം; നിരാശയിൽ അരൂർ

അരൂർ: കൊച്ചി മെട്രോ നഗരത്തിന്‍റെ ഉപഗ്രഹനഗരമാകാൻ കൊതിച്ച അരൂരിന് അവഗണന. എന്തിനും ഏതിനും കൊച്ചിയെ ആശ്രയിക്കുന്ന അരൂർ മെട്രോ നഗരത്തിന്‍റെ വികസനത്തിനൊപ്പം വളർന്നില്ല. വികസനത്തിൽ പങ്കുചേർത്തില്ല എന്നതാകും ശരി. ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നെങ്കിലും വേർതിരിക്കാനാവാത്ത ബന്ധം കൊച്ചിയോടായിരുന്നു. പണ്ടുമുതലേ 'കൊച്ചിയിലെ ജോലി' അരൂരിന്‍റെ സാമ്പത്തിക സ്രോതസ്സായി. 1987ൽ അരൂർ-വൈറ്റില ബൈപാസ് വരുന്നതിനുമുമ്പ് അരൂർ മേഖലയിലുള്ളവർ എറണാകുളത്തേക്കും പശ്ചിമ കൊച്ചിയിലേക്കും സഞ്ചരിച്ചിരുന്നത് ഇടക്കൊച്ചി വഴി റോഡ് മാർഗവും ബോട്ട് വഴിയുമാണ്. കൂടുതൽ പേരും ഹാർബറിലേക്കായിരുന്നു യാത്ര.

പാലങ്ങൾക്കും ബോട്ടുകൾക്കും മുമ്പ് കൊച്ചി വാണിജ്യ കേന്ദ്രമായി പച്ചപിടിക്കുന്ന കാലംമുതൽ തിരുവിതാംകൂർ രാജ്യത്തിന്‍റെ ഭാഗമായ അരൂർ മേഖലയിലെ ജനങ്ങൾ കൊച്ചിയുമായി ബന്ധപ്പെട്ടിരുന്നു. കൊച്ചിയിൽനിന്ന് കൊല്ലംവരെ പോകുന്ന ബോട്ടുകൾ അന്നുണ്ടായിരുന്നു. ബൈപാസ് വന്നതോടെ റോഡ് ഗതാഗതം സജീവമായതോടെ അരൂർ അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം മേഖലയിലുള്ളവർ ധാരാളമായി കൊച്ചിയെ ആശ്രയിച്ച് ജീവിക്കാൻ തുടങ്ങി.

കുമ്പളത്ത് സ്ഥാപിച്ചിരിക്കുന്ന ടോൾപ്ലാസ അരൂരിലാണ് നിർമിക്കേണ്ടിയിരുന്നത്. എന്നാൽ, അരൂർ-കുമ്പളം പാലത്തിന്‍റെ തെക്കുഭാഗത്ത് ടോൾ പ്ലാസ നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ കുമ്പളത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ദൂരപരിധി നിശ്ചയിച്ച് ടോളിൽ ഇളവ് നൽകിയപ്പോൾ കുമ്പളം നിവാസികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. എന്നാൽ, അതും അരൂർ നിവാസികൾക്ക് ലഭിച്ചില്ല.

ജലമെട്രോ എറണാകുളത്ത് ആരംഭിക്കുന്നതിനുമുമ്പേ അരൂരിലും ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. വിനോദസഞ്ചാര മേഖലയിലേക്ക് വൻകുതിപ്പ് ജല മെട്രോക്ക് കൊണ്ടുവരാൻ കഴിയും. മെട്രോ ട്രെയിനിന്‍റെ കാര്യവും ഇതുതന്നെയാണ്. അരൂർ മേഖലയെ കൊച്ചിയുടെ നഗരത്തിന്‍റെ ഭാഗമാക്കാൻ നാളിതുവരെ തയാറായില്ലെങ്കിലും മഹാനഗരത്തിലെ വിഴുപ്പുകൾ അരൂരിലെ തെരുവോരങ്ങളിൽ തള്ളുന്നത് പതിവായിട്ടുണ്ട്.

ആവശ്യങ്ങൾ കേൾക്കുന്നില്ല; അന്നും ഇന്നും

തോപ്പുംപടിവഴി മാത്രം എറണാകുളത്തേക്ക് അരൂരിൽനിന്ന് റോഡ് ഗതാഗതം ഉണ്ടായിരുന്നപ്പോൾ ഇടക്കൊച്ചി വഴിയാണ് വാഹനങ്ങൾ പോയിക്കൊണ്ടിരുന്നത്. ഇടക്കൊച്ചി വരെ പ്രൈവറ്റ് ബസുകൾ സർവിസ് നടത്തിയിരുന്നു. ദേശീയവത്കരിക്കപ്പെട്ട പാതയാണ് അരൂരിലെന്ന പേരിൽ ഇവിടേക്ക് സ്വകാര്യബസുകൾ വന്നില്ല. കടുത്ത യാത്രക്ലേശമുള്ള സമയത്ത് നിവേദനങ്ങളും പ്രക്ഷോഭങ്ങളും അരൂർ നിവാസികൾ നടത്തിയെങ്കിലും കൊച്ചിയിലെ ജനപ്രതിനിധികളുടെ മനസ്സ് അലിഞ്ഞില്ല. വർഷങ്ങൾക്കുശേഷം പ്രൈവറ്റ് ബസ് ഇടക്കൊച്ചി പാലത്തിന്‍റെ അരൂർകര വരെ സർവിസ് നടത്തിയിട്ടും പാലം രണ്ടുവശത്തുമുള്ള ഇരുകരകളിലുമുള്ള പ്രൈവറ്റ് ബസുകൾക്ക് ബാലികേറാമലയായി തീർന്നു. അക്കാലങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് യാത്രക്ലേശത്തിൽ അരൂർ മേഖലയിൽ നട്ടം തിരിഞ്ഞത്. ഇടക്കൊച്ചി പാലം, അരൂർ-കുമ്പളം പാലം എന്നിവകളിൽ വഴിവിളക്ക് സ്ഥാപിക്കുന്ന കാര്യത്തിലും കൊച്ചിയുടെ അധികാരികൾക്ക് അരൂരിനോട് വിവേചനമുണ്ട്. ഇടക്കൊച്ചി പാലം കൊച്ചിൻ പോർട്ട് ട്രസ്റ്റാണ് ആദ്യമൊക്കെ മെയിന്‍റനൻസ് നടത്തിയിരുന്നത്. എന്നാൽ, പിന്നീട് പെയിന്‍റടിക്കാൻ പോലും കോർപറേഷൻ, പോർട്ട് ട്രസ്റ്റ് എന്നിവ തയാറാകുന്നില്ല.

Tags:    
News Summary - Satellite city of Kochi; Aroor in despair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.