അരൂർ: രാജഭരണകാലം മുതൽ തിരുവിതാംകൂറിലെ പ്രധാന വൈജ്ഞാനിക പ്രസരണ കേന്ദ്രമായിരുന്നു വടുതല. മൂന്നുഭാഗവും വേമ്പനാട്ട്-കൈതപ്പുഴ കായലുകളാൽ ചുറ്റപ്പെട്ട പ്രദേശം. കിഴക്ക് ഭാഗത്തുള്ള കാട്ടുപുറം പള്ളിയും പടിഞ്ഞാറുള്ള കോട്ടൂർ പള്ളിയുമാണ് ശ്രദ്ധാകേന്ദ്രം. കൈതപ്പുഴ കായൽക്കരയിലുള്ള കാട്ടുപുറം പള്ളിക്ക് മൂന്നു നൂറ്റാണ്ടിലധികം പാരമ്പര്യമുണ്ട്. കൊച്ചിയിൽനിന്ന് കുടിയേറിയ മാനംകുറിച്ചി കുടുംബം ഹിജ്റ 1114 (എ.ഡി 1702)ൽ അവിടെ ഒരു തൈക്കാവ് (നസ്‌കാരപ്പള്ളി) പണിതു. അതായിരുന്നു തുടക്കം. ഹിജ്റ 1275ൽ സയ്യിദ് അബൂബക്കർ ശാത്വിരി(റ)യുടെ നിർദേശപ്രകാരം അമ്മുക്കാരി എന്നിവർ പള്ളി പുനർനിർമിച്ച് ജുമാമസ്ജിദാക്കി.
പണ്ഡിതൻ മാപ്പിള ലബ്ബ സാഹിബായിരുന്നു ഉദ്ഘാടകൻ. പാരമ്പര്യ പ്രൗഢിയിൽ തിളങ്ങി ഇന്നും ഈ പുരാതന പള്ളി നിലകൊള്ളുന്നു.
കണ്ണൂർ സിറ്റിയിൽ മറവുചെയ്യപ്പെട്ട സയ്യിദ് മൗലൽ ബുഖാരിയാണ് കോട്ടൂർ പള്ളി നിർമിക്കാൻ നേതൃത്വം നൽകിയത്. കണ്ണവേലി എന്ന അമുസ്‌ലിം കുടുംബത്തിലെ കാരണവർക്ക് രോഗമുക്തി ലഭിച്ചതിന് പാരിതോഷികമായി കൊടുത്ത ഭൂമിയിലാണ് മൗല(റ) പള്ളി പണിതത്. കാട്ടുപുറം പള്ളിയെ അപേക്ഷിച്ച് അൽപം ചെറുതാണെങ്കിലും മാതൃക ഒന്നാണ്. രണ്ടു പള്ളികൾക്കും മേൽനോട്ടം വഹിക്കുന്നത് കോട്ടൂർ-കാട്ടുപുറം ജമാഅത്താണ്.വടുതല ഗ്രാമത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ തലയുയർത്തി നിലനിൽക്കുന്ന മുസ്ലിം ആരാധനാലയങ്ങൾ ഗ്രാമത്തിന് ഭംഗി മാത്രമല്ല, പുരാതന വാസ്തുകലയുടെ ശിൽപഭംഗി വിളിച്ചറിയിക്കുന്ന ചരിത്രസ്മാരകം കൂടിയാണ്. 300ലേറെ നൂറ്റാണ്ട് പഴക്കമുള്ള വടുതലയുടെ അഭിമാന സ്തംഭങ്ങൾ കാണാൻ, ദൂരദേശങ്ങളിൽനിന്നുപോലും വിശ്വാസികളും ചരിത്രാന്വേഷികളും എത്താറുണ്ട്. അറബികൾ കേരളത്തിൽ കച്ചവടത്തിനായി വന്നുപെട്ട കാലത്ത് നിർമിച്ചതാണ് ഈ പള്ളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.