ആലപ്പുഴ: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കരുവാറ്റ പഞ്ചായത്തിലെ കർഷകൻ ചന്ദ്രൻ തോട്ടുകടവിൽ വളർത്തിയ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ജില്ല കലക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം മേഖലയിൽ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
കഴിഞ്ഞദിവസം ചന്ദ്രന്റെ 45 താറാവാണ് കൂട്ടത്തോടെ ചത്തത്. താറാവുകളുടെ സാമ്പിൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ ആന്റിജൻ പരിശോധന നടത്തിയപ്പോൾ പക്ഷിപ്പനിയുടെ സൂചന ലഭിച്ചിരുന്നു. തുടർന്ന് വിമാനമാർഗം സാമ്പിൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കരുവാറ്റയിലെ 10,000 താറാവിൽ ഇതുവരെ ചത്തത് 135 എണ്ണമാണ്. ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ താറാവുകളെയും മറ്റ് പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് ഉടന്‍ ആരംഭിക്കും.
പ്രദേശത്തെ 10,000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്ക്. ഇതിനുള്ള മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. കള്ളിങ് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കാന് കരുവാറ്റ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്കി.
രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ഈമാസം 19 വരെ നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ഹരിപ്പാട്, പള്ളിപ്പാട്, കുമാരപുരം, വീയപുരം, ചെറുതന, കരുവാറ്റ, പുറക്കാട്, തകഴി, എടത്വ, തലവടി, അമ്പലപ്പുഴ തെക്ക്, ചമ്പക്കുളം, രാമങ്കരി, നെടുമുടി പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക. അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക പരിശോധന സ്ക്വാഡുകൾ രൂപവത്കരിച്ചു. ഇവിടെ പരിശോധന കർശനമാക്കാൻ അതത് സ്ഥലത്തെ തഹസിൽദാർമാർക്ക് നിർദേശം നൽകി.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ഡി.എസ്. ബിന്ദു, ഡോ. ബി. സന്തോഷ് കുമാർ, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി.എ. സജീവ്കുമാര്‍, കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.