ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പക്ഷിപ്പനി ലക്ഷണത്തോടെ താറാവുകൾ ചത്തൊടുങ്ങിയെങ്കിലും ഭോപാലിലെ വൈറോളജി ലാബിലെ പരിശോധനഫലം വൈകുന്നതിൽ പ്രതിസന്ധി. പലയിടത്തും രോഗവ്യാപനം കൂടിയെന്നാണ് ആശങ്ക. ജില്ലയിൽ ഇതുവരെ ആറിടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തുവീഴുന്നുണ്ട്. ചമ്പക്കുളത്ത് കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ചത്തൊടുങ്ങുന്ന താറാവുകളെ മറവുചെയ്യാനാകാതെ താറാവ് കർഷകർ വലയുകയാണ്. രോഗസ്ഥിരീകരണം ഔദ്യോഗികമായി കിട്ടാത്തതാണ് പ്രശ്നം.
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ഒരാഴ്ചയിലേറെയായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കാത്തതാണ് പ്രശ്നം. തഴക്കരയിലും എടത്വ ആനപ്രാമ്പാലിലും കഴിഞ്ഞയാഴ്ച മുതൽ പക്ഷിപ്പനി ലക്ഷണങ്ങളോടെ നിരവധി താറാവുകളാണ് ചത്തുവീണത്.
തലവടി പഞ്ചായത്ത് 13ാം വാർഡിൽ പൂഞ്ചായിൽചിറ ബിനോയിയുടെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. സാമ്പിൾ തിരുവല്ല മഞ്ഞാടിയിലെ വൈറോളജി ലാബിൽ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം വീടിനുസമീപം ടെൻറ് കെട്ടി ദിവസങ്ങളായി ക്വാറന്റീനിലാണ്.
വൈറോളജി ലാബിൽനിന്നുള്ള ഔദ്യോഗിക പരിശോധനഫലം കിട്ടുന്നതും കാത്ത് കഴിയാൻ തുടങ്ങിയിട്ട് എട്ടുദിവസം പിന്നിട്ടു. കിടപ്പു രോഗിയായ അച്ഛനും അമ്മയും ബിനോയിയുടെ എൽ.പി സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്.
ഭാര്യ വിദേശത്തായതിനാൽ പിതാവിനെ ബിനോയിയാണ് പരിപാലിച്ചിരുന്നത്. മഞ്ഞാടിയിലെ പരിശോധന ഫലത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ പ്രദേശം കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. താറാവുകളെ ടെന്റിന് സമീപത്ത് വലകെട്ടിയാണ് പാർപ്പിച്ചിട്ടുളത്. സ്ഥിരീകരണത്തിനുശേഷം മാത്രമേ താറാവുകളെ മാനദണ്ഡപ്രകാരം കൊന്നൊടുക്കാൻ കഴിയൂ.
മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടികൾക്കായി കർഷകർ കാത്തിരുന്നാൽ ഇവ ചീഞ്ഞഴുകും. നിവൃത്തിയില്ലാതെ പാടങ്ങൾക്കരികിൽ കർഷകർതന്നെ ഇവയെ കുഴിച്ചുമൂടുകയാണ്. രോഗലക്ഷണമുള്ള ബാക്കി താറാവുകളെ പാടശേഖരങ്ങളിൽ തുറന്നുവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.