കായംകുളം: സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിൽ എത്തിയ ബിബിൻ സി. ബാബുവിന്റെ ശക്തി തെളിയിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ ഇളിഭ്യരായി ബി.ജെ.പി നേതൃത്വം. സി.പി.എം-കോൺഗ്രസ് പാർട്ടികളിൽനിന്നായി 218 പേർ ബി.ജെ.പിയിൽ ചേർന്നെന്ന പ്രചാരണമാണ് തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനും പങ്കെടുത്ത ചടങ്ങിൽ മറ്റ് പാർട്ടികളിൽനിന്ന് എട്ടുപേര്‍ പോലും പങ്കെടുത്തില്ലെന്നാണ് പറയുന്നത്.
പങ്കെടുത്തവരുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന സി.പി.എം-കോൺഗ്രസ് വെല്ലുവിളി കേട്ടതായി പോലും ബി.ജെ.പി നടിക്കുന്നില്ല. സി.പി.എം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ സക്കീർ ഹുസൈനെ മാത്രമാണ് ബി.ജെ.പിക്ക് ഉയർത്തിക്കാട്ടാനായത്. സി.പി.എമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 49 പാർട്ടി അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നെന്നായിരുന്നു അവകാശവാദം. ഇവർ പറഞ്ഞ ഡി.വൈ.എഫ്.ഐ മുൻ മേഖല സെക്രട്ടറി സമീർ സി.പി.എമ്മിൽ തന്നെയുണ്ടെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയതും ബി.ജെ.പിക്ക് തിരിച്ചടിയായി. കോൺഗ്രസിൽനിന്ന് 27 പേരും ബി.ജെ.പിയിൽ ചേർന്നതായിട്ടാണ് പറഞ്ഞത്.
സി.പി.എം ശക്തികേന്ദ്രമായ പത്തിയൂരിൽനിന്ന് 62ഉം ദേവികുളങ്ങരയിൽനിന്ന് 96, ചേരാവള്ളി 49, കണ്ടല്ലൂർ 46 എന്നീ ക്രമത്തിൽ ആൾക്കാർ പാർട്ടിയിൽ ചേർന്നതായാണ് ഔദ്യോഗികമായി അറിയിച്ചത്.
എന്നാൽ, യോഗത്തിൽ ആകെ 200ൽ താഴെ മാത്രമായിരുന്നു പങ്കാളിത്തം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് മുന്നേറ്റം പാർട്ടിയിലേക്ക് ഒഴുക്കിന് കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി നേതൃത്വം. ബിബിൻ സി. ബാബുവിന്റെ സ്വാധീനവും ഇതിന് സഹായകമാകുമെന്നായിരുന്നു പ്രതീക്ഷ. സി.പി.എമ്മിനെയും കോൺഗ്രസിനെയും ഞെട്ടിക്കാൻ സംഘടിപ്പിച്ച ചടങ്ങിലൂടെ ബി.ജെ.പി പ്രവർത്തകരാണ് ശരിക്കും ഞെട്ടിയിരിക്കുന്നത്. ഇതിനിടെ പൊതു സമൂഹത്തിന്റെ മുന്നിൽ പാർട്ടിയെ അപഹാസ്യരാക്കിയ വിഷയത്തിൽ ബി.ജെ.പിക്കുള്ളിൽ വിമർശനവും ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.