രാജ്യം ഏറെ നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ സൂക്ഷ്മമായ വിലയിരുത്തലുകൾ അനിവാര്യമാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുമ്പോഴാണ് രാജ്യത്തിന്റെ ഗതിനിർണയിക്കുന്ന തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്.
ജനാധിപത്യം പണാധിപത്യത്തിന് മുന്നിൽ തോറ്റു കൊണ്ടിരിക്കുകയാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി ആദർശം ബലികഴിച്ച് മറുകണ്ടം ചാടുന്ന രാഷ്ട്രീയ പുണ്യാളന്മാർ ദിനേന കൂടി വരുന്നു.
കോൺഗ്രസിന്റെ ആദർശധീരൻ എന്ന് വിശേഷിപ്പിക്കുന്ന എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും, ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും തലേന്ന് വരെ പറഞ്ഞത് വിഴുങ്ങി കൂടു മാറിയത് പുതുകാല രാഷ്ട്രീയത്തിലെ കൗതുകകാഴ്ചയാണ്. ദേശീയ തലത്തിലെ കാര്യങ്ങൾ പറയുകയേ വേണ്ട. അധികാര ദുർവിനിയോഗത്തിലൂടെ രാഷ്ട്രീയ പാർട്ടികൾ ധനസമ്പാദന വഴികൾ തുറക്കുന്നു. ഇലക്ട്രൽ ബോണ്ട് കാണാക്കളികൾ സുപ്രീം കോടതി ഇടപെടലിൽ പുറത്തായത് അഴിമതിയുടെ തലങ്ങൾ വ്യക്തമാക്കുന്നു.
ഇ.വി.എം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറികൾ വിദഗ്ധമായി ചെയ്യാനാവുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണണം. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളാൽ വശത്താക്കുകയോ കൽത്തുറുങ്കിലടക്കുകയോ ചെയ്യുകയാണെന്ന ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിൽ ഓരോദിവസവും പുതിയ വാർത്തകൾ വരുന്നു.
മാധ്യമ സ്വാതന്ത്ര്യം അപകടപ്പെട്ടിരിക്കുമ്പോൾ തന്നെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പോലും ഭരണകൂട വിമർശനം അസാധ്യമാക്കാൻ ചട്ടങ്ങൾ രൂപപ്പെടുന്നുവെന്നതും ഗൗരവമാണ്. നമ്മുടെ രാജ്യം തമ്മിലടിച്ചു തകരാതെ നിലനില്ക്കേണ്ടത് അനിവാര്യമാണ്. ജനങ്ങൾക്കിടയിൽ സാഹോദര്യവ്യം ഐക്യവും പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും വിവേകപൂർവം സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.
(ദൂരദർശൻ മുൻ വാർത്താ അവതാരകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.