ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു ഗസറ്റ് വിജ്ഞാപന ങ്ങളിലായി കൊല്ലം -കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ഭാഗവും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ജില്ലയുടെ ഭാഗത്തെയും സ്ഥലവിവരങ്ങളാണ് ഗസറ്റ് നോട്ടിഫിക്കേഷനായി പ്രസിദ്ധീകരിച്ചത്. ഇതോടുകൂടി ദേശീയപാത വികസനത്തിന് വേഗം കൈവരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ഗസറ്റ് നോട്ടിഫിക്കേഷനിൽ പാത വികസനത്തിനാവശ്യമായി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ സർവേ നമ്പരും ബ്ലോക്ക് നമ്പറും തിരിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തഘട്ടം എന്ന നിലയിൽ ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടൽ നടക്കും. പദ്ധതിക്കായി ഏറ്റെടുക്കുന്ന വസ്തുവകകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമമനുസരിച്ച് ആയിരിക്കും മാർക്കറ്റ് വിലയെ അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം കണക്കാക്കുകയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
24 മീറ്ററിൽ പുതിയ അലൈൻമെന്റ് പ്രകാരം പ്രധാന വളവുകളെല്ലാം നിവർത്തും. ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ഗുരുനാഥൻ കുളങ്ങര, ചുനക്കര തെരുവിൽ മുക്ക്, വെട്ടിയാർ പാറക്കുളങ്ങര, നാലുമുക്ക്, ആല എന്നിവിടങ്ങളിൽ വളവുകൾ നിവർത്തി റോഡ് നേരെയായിരിക്കും നിർമിക്കുക.
കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ അടിപ്പാതയും ഉണ്ടാകും. പെരിനാട് റെയിൽവേ ഓവർ ബ്രിഡ്ജ്, കടപുഴ, കൊല്ലകടവ് എന്നിവിടങ്ങളിൽ വലിയ പുതിയപാലങ്ങൾ പാതയ്ക്കായി നിർമിക്കും. വളവുകൾ നിവർത്തി പുനർനിർമിക്കുന്നതോടെ ആകെ ദൂരത്തിൽ മൂന്നു കിലോമീറ്റർ കുറയും. ചാരുംമൂട്ടിൽ ജങ്ഷൻ നവീകരണവും ഉണ്ടാകും.
രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര തൊഴിൽ സഹമന്ത്രിയായിരിക്കെ നടത്തിയ ഇടപെടലിലാണ് കൊല്ലം-തേനി ദേശീയപാത 183 അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.