രാസവസ്തുക്കൾ ചേർത്ത മീൻ: കിറ്റ്​ തീർന്നു. പരിശോധന നിലച്ചു

ആലപ്പുഴ: പഴകിയ മീൻ രാസവസ്തുക്കൾ ചേർത്ത് വിൽക്കുന്നത് കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ സജീവമാക്കിയ പരിശോധന പതിവുപോലെ നിലക്കുന്നു.

പഴകിയതും ശരിയായി പാകംചെയ്യാത്തതുമായ മീനിൽ കലർത്തുന്ന രാസവസ്തുക്കൾ കണ്ടെത്താനുള്ള പരിശോധന കിറ്റ് തീർന്നതോടെയാണ് ഈ മേഖലയിൽ പരിശോധന ഭക്ഷ്യസുരക്ഷ വകുപ്പ് നിർത്തിയത്.

തുടർ പരിശോധനയിലൂടെ മാത്രമേ മായം കലർന്ന മീൻ വിൽപന നിയന്ത്രിക്കാനാകൂ എന്നിരിക്കെയാണ് പരിശോധന കിറ്റുകളുടെ ദൗർലഭ്യം. കായംകുളം മേഖലയിൽ വിൽക്കുന്ന മീനിലെ മായം കണ്ടെത്താൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം ഭക്ഷ്യസുരക്ഷ അധികൃതർക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു.

എന്നാൽ, കിറ്റ് ലഭിക്കുന്ന മുറക്കെ പരിശോധന സാധ്യമാകൂ എന്നാണ് അധികൃതരുടെ മറുപടി. പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്താനുള്ള പരിശോധന കായംകുളം മേഖലയിൽ ഇതുവരെ തുടങ്ങിയിട്ടില്ല.

കായംകുളം, മാവേലിക്കര മേഖലക്ക് ഒരു ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനാണ് നിലവിലുള്ളത്. ആലപ്പുഴയിൽനിന്ന് ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് പരിശോധന നടത്താറുള്ളത്. മാവേലിക്കര നഗരസഭയിലും മത്സ്യപരിശോധന കിറ്റില്ല. വാഹന സൗകര്യമില്ലാത്തതാണ് യഥാസമയം പരിശോധന നടത്തുന്നതിന് മറ്റൊരു തടസ്സം. ഭക്ഷ്യസുരക്ഷ ജില്ല ഓഫിസിനും ഒമ്പത് സർക്കിൾ ഓഫിസുകൾക്കുമായി മൂന്ന് വാഹനങ്ങളാണുള്ളത്. ഇവയാകട്ടെ ഓടുന്നത് കരാർ അടിസ്ഥാനത്തിലും. ഒരു ഓഫിസിന് മാസത്തിൽ എട്ട് ദിവസം മാത്രമേ വാഹനം ലഭിക്കൂ.

അരൂരിൽ ഏറെനാളായി ഓഫിസർ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. നിലവിൽ ചേർത്തല ഓഫിസർക്ക് അധികചുമതല നൽകിയിരിക്കുകയാണ്. ആലപ്പുഴ സർക്കിളിൽ ഭക്ഷ്യസുരക്ഷ ഓഫിസറുടെ ഒഴിവുണ്ട്. ജില്ല ഓഫിസർക്കാണ് ഇപ്പോൾ ചുമതല. തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാൻ രണ്ടാഴ്ചയിലേറെ എടുക്കും. ഇതും പ്രവർത്തനങ്ങളെ ബാധിക്കുന്നു.

ഭക്ഷ്യസുരക്ഷ വിഭാഗം ചേർത്തല, അരൂർ സർക്കിളുകളിൽ കഴിഞ്ഞദിവസം 10 ഹോട്ടലുകളിൽ പരിശോധന നടത്തി. ഭക്ഷണത്തിൽ കൃത്രിമ നിറം ചേർത്തതിന് അരൂരിലെ ഹോട്ടലിന് പിഴയിട്ടു. ‌

വൃത്തിയില്ലായ്മയുടെ പേരിൽ ചേർത്തലയിൽ രണ്ട് ഹോട്ടലുകൾക്കാണ് നോട്ടീസ് നൽകിയത്. നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും മാർക്കറ്റിൽ പരിശോധന നടത്തുന്നുണ്ട്.ഭക്ഷ്യസുരക്ഷ വകുപ്പ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ എടത്വയിലും പുന്നപ്ര കുറവന്തോട്, ആലപ്പുഴ ജനറൽ ആശുപത്രി പ്രദേശങ്ങളിൽ വൃത്തിഹീനമായി പ്രവർത്തിച്ച അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

അമ്പലപ്പുഴ സർക്കിളിൽ കുറവന്തോട്ടിൽ ഒരു ഹോട്ടൽ പൂട്ടാൻ നിർദേശിച്ചു.

Tags:    
News Summary - chemical fish: Test stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.