ചെങ്ങന്നൂർ: 2018ലെ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വിതരണം ചെയ്യാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ഭൂമി കാടുകയറി നശിക്കുന്നു. മാന്നാർ ഗ്രാമ പഞ്ചായത്ത് കുട്ടമ്പേരൂർ 12 ബി വാർഡിലാണ് 32 സെൻറ് കരഭൂമി സ്വകാര്യ വ്യക്തി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഒല്ലാലിൽ പരേതനായ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചന്ദ്രശേഖരൻ നായർ-ആനന്ദവല്ലിയമ്മ ദമ്പതികളുടെ ഇളയമകനായ സി. അനിൽകുമാറാണ് തനിക്ക് കുടുംബ വിഹിതമായി ലഭിച്ച സ്ഥലം 2018 ചെങ്ങന്നൂരിൽ നടന്ന ദുരിതാശ്വാസനിധി ശേഖരണ ചടങ്ങിൽ അന്നത്തെ മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനും കൈമാറിയത്.
ഇന്നത്തെ മന്ത്രിയും അന്നത്തെ എം.എൽ.എയുമായിരുന്ന സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് ഭൂമിയുടെ രേഖകൾ കൈമാറിയത്.
ഭൂമിയിലേക്ക് കയറാനുള്ള വഴി പോലും കാടുമൂടികിടക്കുകയാണ്. പൊതു സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്ന ആഗ്രഹത്തോടെ നൽകിയ ഭൂമിയാണ് ആറുവർഷമായി കാടുകയറി നശിക്കുന്നതെന്നും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് നൽകുകയോ അതുമല്ലെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റേതെങ്കിലും പദ്ധതികൾ ഇവിടെ കൊണ്ടുവരുകയോ ചെയ്യണമെന്ന് പഞ്ചായത്ത് അംഗം അജിത്ത് പഴവൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.