ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട്ടെ വിഗ്രഹമോഷണ പരാതി തട്ടിപ്പെന്ന് പൊലീസ്. പണിക്കേഴ്സ് ഗ്രാനൈറ്റ്സ് എന്ന നിർമാണശാലയിൽനിന്ന് രണ്ടു കോടി വിലമതിക്കുന്ന 60 കിലോയുള്ള പഞ്ചലോഹ അയ്യപ്പവിഗ്രഹം ഉടമകളെയും തൊഴിലാളികളെയും ആക്രമിച്ച് വാഹനങ്ങളിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമായിരുന്നെന്നാണ് തെളിയുന്നത്. വിഗ്രഹത്തിന് രണ്ടു ലക്ഷംപോലും വിലമതിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. 16 ഗ്രാം സ്വർണം, 30 കിലോ ചെമ്പ്, ഒരു കിലോ വെള്ളി, 10 കിലോ ഈയ്യം എന്നിവയാണ് ഇതിലെ കൂട്ട് . 41 കിലോ വരുന്ന വിഗ്രഹത്തിന് പരമാവധി ഒന്നേകാൽ ലക്ഷത്തിൽ താഴെയേ വിലമതിക്കൂവെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി. ബേബി 'മാധ്യമ'ത്തോട് പറഞ്ഞു.
എൻ.സി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തട്ടാവിളയിൽ മഹേഷ് പണിക്കർ, സഹോദരൻ പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് നിർമാണ സ്ഥാപനം. ഡ്രൈവറായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പ്രദേശവാസിയായ സംഗീത് സോണിയുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് ഉടമകളിൽ ഒരാളുടെ നേതൃത്വത്തിൽ ഇയാളെ മർദിച്ചിരുന്നു. ഇതിനു പ്രതികാരമായി ആറംഗ സംഘം ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ രണ്ടു തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് അയ്യപ്പവിഗ്രഹം മാറ്റി, മോഷണമായി പർവതീകരിക്കുകയായിരുന്നെന്നാണ് നിഗമനം.
അക്രമിസംഘത്തിൽ 60 പേരുണ്ടെന്ന് പറഞ്ഞ തുടക്കത്തിൽ പരാതിക്കാരെ പലതവണ ചോദ്യം ചെയ്തപ്പോൾ ഇത് 10ലേക്കു താഴ്ന്നു. എന്നാൽ, ആറുപേരിൽ കൂടുതൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടിയിലാകുന്നതോടെ യഥാർഥ ചിത്രം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് നിലപാട് കടുപ്പിച്ചതോടെ നാടകം പൊളിഞ്ഞതായി മനസ്സിലാക്കി തിങ്കളാഴ്ച വിഗ്രഹം ഏൽപിക്കാമെന്ന് ഉടമകൾ ഉറപ്പുകൊടുത്തിരുന്നുവെന്നാണ് സൂചന. എന്നാൽ, എടുത്തിട്ട സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇതിനു കഴിയാതെ വന്നതോടെ അന്വേഷണം മുറുകിയതോടെയാണ് ഉടമകൾ തൊഴിലാളികളെക്കൊണ്ട് കാടും പടലും തെളിയിച്ചത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും മറ്റും ഉടമകൾക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.