ചെങ്ങന്നൂർ: മാന്നാർ ഇരമത്തൂർ ജുമാമസ്ജിദ് അങ്കണം വൃത്തിയായി പരിപാലിക്കുന്നത് 76കാരി കുഞ്ഞമ്മയുടെ നാലര പതിറ്റാണ്ട് കാലത്തെ ദിനചര്യയാണ്. 47വർഷം മുമ്പ് നാലുവയസ്സുള്ള മകൻ വെള്ളത്തിൽ വീണപ്പോൾ വാരിപ്പുണർന്ന് ഓടിയെത്തിയ പള്ളിമുറ്റവുമായുള്ള ഹൃദയബന്ധം ഇപ്പോഴും കാത്തുസൂക്ഷിച്ചാണ് പ്രതിഫമില്ലാത്ത സേവനം തുടരുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി 18ാം വാർഡിൽ പൊതുവൂർ പ്ലാന്തറയിൽ പരേതനായ രാഘവന്റെ ഭാര്യയാണ് കുഞ്ഞമ്മ.
എന്നും അതിരാവിലെ പ്രഭാത നമസ്കാരത്തിന് മുമ്പ് പള്ളിയിലെത്തി മുറ്റവും പരിസരവും അടിച്ചുവൃത്തിയാക്കും. ഇതിന് പിന്നാലെ ജോലിക്കുപോകുന്ന കുഞ്ഞമ്മ വൈകീട്ട് വീണ്ടും തിരിച്ചെത്തി പള്ളിമുറ്റവും മുന്നിലെ റോഡും എതിർവശത്തെ മദ്റസയുടെ മുറ്റവുമെല്ലാം വൃത്തിയാക്കിയിട്ടാണ് മടങ്ങുക. പ്രായത്തിന്റെ അവശതപോലും മറന്നുള്ള പ്രവൃത്തി തന്റെ ദൈവ നിയോഗമാണെന്നാണ് കുഞ്ഞമ്മ പറയുന്നത്. 47 വർഷം മുമ്പ് നാലുവയസുള്ള മകൻ സന്തോഷ് കാൽവഴുതി പുഞ്ചപാടത്തെ വെള്ളത്തിൽ വീണപ്പോൾ കുഞ്ഞമ്മ മകനെയും വാരിയെടുത്ത് ഓടിയെത്തിയത് മസ്ജിദിന്റെ മുറ്റത്തായിരുന്നു.
മകന്റെ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ തുടങ്ങിയതാണ് മസ്ജിദുമായുള്ള ബന്ധം. പലവീടുകളിലായി പ്രസവ ശുശ്രൂഷനടത്തി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഉപജീവനം. ബുധനൂർ പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യത്തിലെ താൽകാലിക ജീവനക്കാരനായിരുന്ന ഭർത്താവ് രാഘവൻ 21 വർഷംമുമ്പ് മരിച്ചു. മകൻ സന്തോഷ് ഇപ്പോൾ പരുമലയിലാണ് താമസം. മകൾ സിന്ധു ഭർതൃ ഗൃഹത്തിലുമാണ്.
കുഞ്ഞമ്മ കൊച്ചുമക്കളോടോപ്പം ഇരമത്തൂരിലാണ്. ജുമാമസ്ജിദ് പരിപാലനസമിതിക്കും ജമാഅത്ത് അംഗങ്ങൾക്കും കുഞ്ഞമ്മ കുടുംബാംഗത്തെപ്പോലെയാണ്. വിശേഷ ദിവസങ്ങളിൽ ഒരുപ്രത്യേക പങ്ക് കുഞ്ഞമ്മക്കായി നീക്കിവെക്കാറുണ്ടെന്ന് ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് അജിത്ത്, സെക്രട്ടറി ഷിജാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.