ചേർത്തല: ചമ്മനാട് ദുരന്തത്തിന് തിങ്കളാഴ്ച 30 വയസ്സ്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയ റിട്ട. എസ്.ഐ പള്ളിപ്പറമ്പിൽ പി.എൻ. പ്രസന്നന്റെ മനസ്സിൽനിന്ന് ദുരന്തകാഴ്ചകൾ മാഞ്ഞിട്ടില്ല. ലോറിയുമായി കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസിലെ 37 യാത്രക്കാരാണ് വെന്തുമരിച്ചത്. 1994 ഫെബ്രുവരി അഞ്ചിന് രാത്രി 10 മണിക്ക് ശേഷമാണ് ചമ്മനാട് ഇ.സി.ഇ.കെ യൂനിയന് ഹൈസ്കൂളിനു സമീപം അപകടം നടന്നത്. രാത്രി ഒരു മണിയോടെയാണ് അന്ന് അരൂർ സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന പ്രസന്നന് വിവരമറിയിച്ച് അടുത്ത വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിയെത്തുന്നത്.
തൃശൂരിൽനിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും മധ്യപ്രദേശിലേക്കു കയറുമായി പോയ ലോറിയുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും കത്തുകയായിരുന്നു. തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാമന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരുമായെത്തിയ ബസിൽ 37 പേരാണ് മരിച്ചതെന്ന് പ്രസന്നൻ ഓർക്കുന്നത്.
26പേരെ തിരിച്ചറിഞ്ഞത് ദിവസങ്ങൾക്കുശേഷമാണ്. ഇതിൽ ആറുമാസത്തിനുള്ളിൽ ആറുപേരെക്കൂടി തിരിച്ചറിഞ്ഞു. എന്നാൽ, മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും മരിച്ചവരിൽ ഇനിയും മൂന്നുപേർ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. എഫ്.ഐ.ആർ സമർപ്പിക്കുമ്പോൾ രേഖകളുൾപ്പെടെ 3000 പേജിൽ സ്വന്തം കൈപ്പടയിലെഴുതിയത് പി.എൻ. പ്രസന്നൻ തന്നെയായിരുന്നു. ഇതിന് പിറ്റേവർഷം പൊലീസ് മേധാവിയിൽ നിന്ന് അംഗീകാരവും പ്രസന്നനെതേടി എത്തി.
രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയത് അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള ചമ്മനാട് ഇ.സി.ഇ.കെ യൂനിയൻ ഹൈസ്കൂൾ അധ്യാപകൻ അന്ധകാരനഴി ചില്ലംപറമ്പിൽ സി.ഡി. ആസാദും മറ്റുമായിരുന്നു. അന്ന് സ്കൂൾ വാർഷികം നടക്കുന്ന സമയമായിരുന്നു. തീഗോളമായിരുന്ന ബസിന്റെ ഇടയിൽനിന്ന് പത്ത് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി കരഞ്ഞ് വിളിക്കുന്നതാണ് കണ്ടത്. പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് ഓർക്കുന്നുവെന്ന് ആസാദ് പറയുന്നു.
നഷ്ടപരിഹാരം പൂർണമായി ലഭിക്കാതെ നഗരസഭ അഞ്ചാം വാർഡിൽ ഇല്ലിക്കൽ എച്ച്. നരസിംഹകമ്മത്ത് (72). ആലുവയിൽനിന്ന് കയറിയതായിരുന്നു നരസിംഹകമ്മത്ത്. ബസിന്റെ ചില്ല് പൊട്ടിച്ചാണ് കമ്മത്തിനെ പുറത്ത് എടുത്തത്. പിന്നീട് കേസ് നടത്തിയെങ്കിലും 40,000 രൂപ മാത്രമാണ് കിട്ടിയെതെന്ന് കമ്മത്ത് പറയുന്നു. 15,000 രൂപ ഇനിയും കിട്ടാനുണ്ട്. മൂന്നു ഘട്ടങ്ങളിലായി നടന്ന വിചാരണ പൂർത്തിയാക്കിയാണ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രൈബ്യൂണൽ 1997 സെപ്റ്റംബറിൽ നഷ്ടപരിഹാരം നിർദേശിച്ചത്.
101 കേസുകളിലായി ഏകദേശം 1.20 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ 70ശതമാനം കെ.എസ്.ആർ.ടി.സിയും 30ശതമാനം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും നൽകണമെന്നായിരുന്നു ഉത്തരവ്. ഈ തുക ഇതുവരെ പൂർണമായി നൽകിയിട്ടില്ലെന്ന ആക്ഷേപം പലർക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.