വി.ജയരാജൻ
ചേർത്തല: യുവതലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മദ്യത്തിനുമെതിരെ ഓട്ടൻതുള്ളൽ എന്ന കലയിലൂടെ അവബോധം സൃഷ്ടിക്കുകയാണ് എറണാകുളം റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ജയരാജൻ (49).ചേർത്തല കഞ്ഞിക്കുഴി സ്വദേശി നികർത്ത് വെളിയിൽ വിജയൻ - തങ്കമ്മ ദമ്പതികളുടെ മകനായ ജയരാജനാണ് തനിക്ക് ലഭിച്ച ജോലിയെ ആത്മസമർപ്പണത്തിന്റെ വേദികളായി മാറ്റുന്നത്.ചേർത്തലയിലെ സാംസ്കാരിക സംഘടനയായ സർഗത്തിന്റെ പരിപാടിയിലെ മുഖ്യയിനമായ ഓട്ടംതുള്ളലിലൂടെ ബോധവത്കരണം നടത്തിയപ്പോൾ 521 വേദികൾ ജയരാജൻ കടന്ന് പോയതറിഞ്ഞില്ല.
കേരളത്തിൽ ആദ്യമായാണു ലഹരിക്കെതിരെ എക്സൈസ് ഉദ്യോഗസ്ഥൻ തന്നെ ഓട്ടൻതുള്ളൽ എന്ന കലാരൂപത്തിലൂടെ അവബോധം നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്.
2018 ലാണ് ജയരാജൻ സർവിസിൽ കയറുന്നത്. തുടർന്ന് 2003 മുതൽ എക്സൈസിന്റെ നേതൃത്വത്തിലുള്ള മുക്തിയുടെ ഭാഗമായാണ് ചിലങ്ക അണിയാൻ തുടങ്ങിയത്. എറണാകുളത്തായിരുന്നു തുടക്കം. വകുപ്പ് ഉദ്യോഗസ്ഥരും പിന്തുണയുമായ് വന്നതോടെ എല്ലാ ദിവസങ്ങളിലും പരിപാടികളുമായി പോകേണ്ടിവന്നു.ചില മാസങ്ങളിൽ 28 വേദികളിൽ വരെ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജയരാജൻ പറഞ്ഞു. ലഹരിക്കെതിരായ സന്ദേശത്തിനു പുറമേ 2019 ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും കോവിഡ് കാലത്ത് ജനങ്ങളെ ബോധവത്കരിക്കാനും ഓട്ടൻതുള്ളൽ സ്വന്തമായി എഴുതി അവതരിപ്പിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്.
20 മിനിറ്റ് ഓട്ടൻതുള്ളലിന് ശേഷം ബോധവത്കരണവും നടത്തിയാണ് വേദികൾ പിന്നിടുന്നത്. സഹപ്രവർത്തകനായ രമേശൻ പകർന്നുനൽകിയ ആശയമാണു ബോധവത്കരണത്തിനായി വേറിട്ട വഴി കണ്ടെത്താനിടയാക്കിയത്. സർക്കാരിൽ നിന്നോ, എക്സൈസ് വകുപ്പിൽ നിന്നോ സാമ്പത്തിക സഹായം ഒന്നും ലഭിക്കാറില്ല. ശമ്പളത്തിൽ നിന്നുമാണ് പരിപാടികൾക്ക് പോകുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്.
ഫാർമസിസ്റ്റായ വിദ്യയാണ് ഭാര്യ. ബി.ടെക് വിദ്യാർഥി ഗോകുൽരാജ്, ഏഴാം ക്ലാസ് വിദ്യാർഥിനി ജാനകിരാജ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.