ചേർത്തല: നാലുവർഷം മുമ്പ് നാടിനെ നടുക്കിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിലെ മണ്ണിനടിയിൽ രണ്ടുവയസ്സുള്ള തന്റെ കളിക്കൂട്ടുകാരിയെ രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്ത വളർത്തുനായ് കുവി ഇപ്പോൾ ചേർത്തലയിൽ താരമാണ്. അടിമാലി സ്റ്റേഷനിൽ സീനിയർ സി.പി.ഒ ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ അജിത്ത്, മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ അരുമയാണ് ഇന്ന് കുവി.
2020 ആഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താൻ കഴിയാതെവന്ന ധനുഷ്ക എന്ന കൊച്ചുകുട്ടിയുടെ മൃതദേഹം കുവി കാട്ടിക്കൊടുത്തപ്പോൾ കണ്ടുനിന്നവർക്കു പോലും സങ്കടം നിയന്ത്രിക്കാനായില്ല. ധനുഷ്കയെക്കൂടാതെ കാസർകോട്, എറണാകുളം, രാമപുരം സ്വദേശികളുടെ മൃതദേഹവും മണ്ണിനടിയിലുണ്ടെന്ന് കാട്ടിക്കൊടുത്തതോടെ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെപ്പോലും പിന്നിലാക്കിയ കുവി പൊലീസ് ഉന്നതങ്ങളിലും ചർച്ചയായി.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തോടെ പൊലീസ് സേനയുടെ കെ-9 സ്ക്വാഡിൽ എത്തിയതോടെ സമൂഹമാധ്യമങ്ങളിലും കുവി താരമായി. ഇടുക്കി ഡോഗ് സ്ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവൻ പുസ്തകരചനക്കായി നീണ്ട അവധിയിൽ പ്രവേശിച്ചതോടെ ചേർത്തലയിലെ സ്വന്തം വീട്ടിലേക്ക് കുവിയെ കൊണ്ടുവരുകയായിരുന്നു.
നാലുവർഷം മുമ്പ് ധനുഷ്കയായിരുന്നു കൂട്ടുകാരിയെങ്കിൽ ഇന്ന് അജിത്തിന്റെ മകൾ ഇളയാണ് കുവിയുടെ കൂട്ടുകാരി.കുറച്ചുമാസം മുമ്പ് ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനംചെയ്ത ‘നജസ്’ സിനിമയിൽ കുവി പ്രധാന വേഷത്തിൽ അഭിനയിച്ചു. ചിലി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ നജസ് അഞ്ച് അവാർഡ് നേടി. പൊലീസ് നായ്ക്കളുടെ പരിശീലനരംഗത്ത് തൽപരനായ അജിത്ത് മാധവൻ പല സർക്കാർ ജോലികളും വേണ്ടെന്ന് വെച്ചാണ് പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ ചേർന്നത്.
പൊലീസ് നായ്ക്കളെക്കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ആദ്യ പുസ്തകമായ ‘ട്രാക്കിങ്’ അടുത്ത മാസം പുറത്തിറങ്ങും. നായ്ക്കളുടെ പരിശീലനം, ആശയവിനിമയം, കഡാവർ നായ്, സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന പരിശീലനം തുടങ്ങിയവയാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ചേർത്തലയിലുള്ള കുവിയെ കാണാനും കൂടെനിന്ന് സെൽഫിയെടുക്കാനും ആളുകളുടെ തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.