തിരുവനന്തപുരം/ചേർത്തല: ചേര്‍ത്തല സേക്രഡ് ഹാര്‍ട്ട് കോളജ് ഓഫ് നഴ്‌സിങ്ങിനെതിരെ ഗുരുതര പരാതികളുമായി വിദ്യാര്‍ഥികൾ. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചതിനൊപ്പം നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരിപ്പ് വൃത്തിയാക്കിച്ചുവെന്നതടക്കം വിദ്യാർഥികളുടെ പരാതികളാണ് നഴ്‌സിങ് കൗണ്‍സിൽ തയാറാക്കിയ റിപ്പോർട്ടിലുള്ളത്.
വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച നഴ്സിങ് കൗൺസിൽ അംഗങ്ങൾ കോളജിലെത്തി നടത്തിയ തെളിവെടുപ്പിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ഥികൾ ഉന്നയിച്ചത്. മൂന്ന്, നാല് വര്‍ഷത്തെ 120 കുട്ടികളാണ് മൊഴി നല്‍കിയത്. നഴ്സിങ് കൗൺസിലിന് വിദ്യാർഥിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്.
കോളജിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തുടർനടപടി ആവശ്യപ്പെട്ട് സംസ്ഥാന നഴ്സിങ് കൗൺസിൽ ആരോഗ്യ സർവകലാശാല വൈസ് ചാർസലർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ നിരന്തരം മാനസികമായും വൈകാരികമായും പീഡിപ്പിക്കുന്നുവെന്നും ലൈംഗികമായി അധിക്ഷേപിക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. ആശുപത്രിയിലെ വാർഡുകളും ശൗചാലയങ്ങളും ഡോക്ടർമാരുടെ ചെരിപ്പും നിർബന്ധിച്ച് വൃത്തിയാക്കിക്കുന്നു. ജയിലിന് സമാനമായാണ് കുട്ടികളെ ഹോസ്റ്റലിൽ പാർപ്പിച്ചിരിക്കുന്നത്.
ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപറേഷൻ തിയറ്ററിലെയും ശൗചാലയങ്ങൾ വൃത്തിയാക്കണം. അവധി ദിനത്തിൽ പുറത്തും വീട്ടിലും പോകാൻ അനുവദിക്കില്ല. യൂനിഫോം ചുളിഞ്ഞാൽ അതിനെ തെറ്റായി ലൈംഗികമായി വ്യാഖ്യാനിക്കുന്നു, മാതാപിതാക്കളുമായി ഫോണില്‍പോലും സംസാരിക്കാന്‍ അനുമതിയില്ല തുടങ്ങിയ പരാതികളാണ് കുട്ടികള്‍ നഴ്‌സിങ് കൗണ്‍സിലിന് മുന്നില്‍ മൊഴിയായി നൽകിയത്.
കുട്ടികൾ ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ സ്വവർഗ ലൈംഗികതയായി ചിത്രീകരിക്കുകയാണ്. നിർബന്ധമായും പ്രാർഥന ചടങ്ങുകളിൽ പങ്കെടുക്കണം. മൊബൈൽ ഫോൺ ഒരു മണിക്കൂർ മാത്രമാണ് അനുവദിച്ചത്. ഹോസ്റ്റലിനെക്കുറിച്ച് പരാതി പറഞ്ഞാൽ ഇരുട്ട് മുറിയിലേക്ക് മാറ്റുമെന്നും പരാതിയുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മേയ് 10ന് കോളജിൽ പി.ടി.എ യോഗം വിളിച്ചു. ആരോഗ്യ സർവകലാശാല പ്രതിനിധിയും പങ്കെടുക്കും.
കോളജിനെതിരെ ഉയര്‍ന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എസ്.എച്ച് കോളജ് മാനേജ്‌മെന്‍റ് അറിയിച്ചു. കോളജില്‍ വിദ്യാര്‍ഥികള്‍ ആരും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ത്തിയിട്ടില്ല. പരാതികള്‍ ഉണ്ടായാല്‍ തിരുത്തുമെന്നും രക്ഷിതാക്കളുടെയും കൂടി അഭിപ്രായമറിഞ്ഞ് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.