തുറവൂർ: പാലമെന്ന സ്വപ്നം സഫലമാകാൻ ചെല്ലാനം - ചേരുങ്കൽ നിവാസികളുടെ കാത്തിരിപ്പിന് അരനൂറ്റാണ്ട്. കോടംതുരുത്ത് പഞ്ചായത്തിനെ എറണാകുളം ജില്ലയിലെ ചെല്ലാനവുമായി ബന്ധിപ്പിക്കുന്ന പാലം വേണമെന്ന ഇരു കരകളിലെയും ജനങ്ങളുടെ ആവശ്യം ശക്തമാവുകയാണ്. അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ ആഗ്രഹത്തിന്.
ഇരുകരകളെയും ബന്ധിപ്പിക്കുന്ന വഞ്ചി യാത്രയാണ് ഇന്നും നാട്ടുകാരുടെ ആശ്രയം. പ്രതികൂല കാലാവസ്ഥയിലും കായൽ കടക്കാൻ ചെറിയ വള്ളം മാത്രമാണ് നാട്ടുകാർക്കുള്ളത്.
50 വർഷത്തിലധികമായി പാലം വേണമെന്ന ആവശ്യവുമായി ഇരുകരകളിലെയും ജനങ്ങൾ സമരരംഗത്തുണ്ട്. എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും നാട്ടുകാർ ആവശ്യമുന്നയിച്ച് നിവേദനങ്ങളും നടത്താറുണ്ട്. തെരഞ്ഞെടുപ്പിൽ നിൽക്കുന്നവർ ജയിക്കുമ്പോഴും വാഗ്ദാനം മറക്കില്ലെന്ന് നാട്ടുകാരെ ഓർമ്മിപ്പിക്കാറുമുണ്ട്.
പാലം നിർമിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെങ്കിലും നിർമാണം അനന്തമായി നീളുകയാണ്. എറണാകുളത്തെ ചെല്ലാനം പഞ്ചായത്തിനെ ആലപ്പുഴയിലെ കോടംതുരുത്ത് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തരത്തിൽ 50 മീറ്റർ നീളത്തിലുള്ള പാലമാണ് ഇവിടെ നിർമിക്കേണ്ടത്. ഗ്രാമ വികസനത്തിന്റെ ഭാഗമായി ഏതാണ്ട് 10 വർഷം മുൻപ് ഇരുകരകളിലും റോഡ് വന്നെങ്കിലും പാലം നിർമിക്കാൻ കഴിയാത്തതുമൂലം ഇവിടെ വികസനം വഴി മുട്ടുകയാണ്.
ഇതു വഴി പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കടത്തു യാത്രക്കാരുടെ ദുരിതം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ദലീമ ജോജോ എം.എൽ.എയെ കണ്ട് ആവശ്യം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശിക വികസന ഫണ്ടിൽപ്പെടുത്തി തുക അനുവദിക്കാമെന്നും ആലപ്പുഴ - എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായതിനാൽ തോപ്പുംപടി ജനപ്രതിനിധി കെ.ജെ. മാക്സി എം.എൽ.എയുമായി ചർച്ച നടത്തി പാലത്തിന്റെ കാര്യം അടിയന്തരമായി പരിഗണിക്കാമെന്നും എം.എൽ.എ ഉറപ്പു നൽകിയിരുന്നു.
ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാലം വരുന്നതു വഴി ഇരുകരകളിലെയും ജനങ്ങൾക്കു ചെല്ലാനം ഹാർബറിലേക്കും തുറവൂർ ദേശീയ പാതയിലേക്കും എളുപ്പത്തിലെത്താൻ കഴിയും. തീരമേഖലയിൽ ഉള്ളവർക്ക് ദേശീയപാതയുമായി ബന്ധപ്പെടാനും കഴിയും.
പാലം അടിയന്തരമായി പൂർത്തിയാക്കണമെന്നും നിലവിലുള്ള റോഡുകൾ വികസിപ്പിച്ച് പുനർനിർമിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.