മാന്നാർ: പാർക്ക് വേണമെന്ന ആവശ്യവുമായി നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നൽകി കാത്തിരുന്ന നാലുവയസ്സുകാരി അൻവിതക്ക് ശുഭസൂചകമായി മാന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് ലഭിച്ചു. കുരട്ടിക്കാട് എട്ടാംവാർഡിൽ സായിസേവാ ട്രസ്റ്റ് പണികഴിപ്പിച്ച് പഞ്ചായത്തിന് കൈമാറിയ 178ാം നമ്പർ അംഗൻവാടിക്ക് സമീപം കുട്ടികൾക്കുള്ള ചെറിയ കളിസ്ഥലത്തിനാവശ്യമായ സ്ഥലം ലഭ്യമാണെന്ന് സെക്രട്ടറി ബോബി ഫ്രാൻസിസിന്റെ കത്ത് കഴിഞ്ഞ ദിവസം അൻവിതക്ക് ലഭിച്ചു. കളിസ്ഥലം നിർമിച്ച് നൽകാമെന്ന് സായിസേവാ ട്രസ്റ്റ് വാക്കാൽ അറിയിച്ചിട്ടുണ്ടെന്നും ആയതിനാൽ അവർക്ക് നിർമാണഅനുമതി നൽകുകയോ അല്ലാത്തപക്ഷം വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്നും ഉറപ്പുപറയുന്നു.
നവകേരള സദസ്സിൽ നൽകിയ അപേക്ഷയിൽ നടപടി കൈക്കൊള്ളുമെന്നറിയിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കത്തയച്ചിരുന്നു. മാസങ്ങളായിട്ടും നടപടിയില്ലാതായതിനെ തുടർന്ന് ആഗസ്റ്റ് 22ന് ആലപ്പുഴയിലെ തദ്ദേശ അദാലത്തിൽ പരാതി നൽകിയതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയെത്തിയത്. മാന്നാർ പഞ്ചായത്ത് കുട്ടമ്പേരുർ പതിനഞ്ചാം വാർഡിൽ കൈമാട്ടിൽ വിനീത് - ആതിര ദമ്പതികളുടെ മകളായ അൻവിത മാവേലിക്കര ബാംബിനോ കിഡ്സ് വേൾഡ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.