കുട്ടനാട്: അനിഷ്ട്ങ്ങളുണ്ടായില്ലെങ്കിൽ ഇത്തവണ ക്രിസ്തുമസ് - ന്യൂ ഇയർ അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കുട്ടനാട്ടിലെ താറാവ് കർഷകർ. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത 2014ന് ശേഷം നിർജ്ജീവാവസ്ഥയിലായിരുന്ന വിപണി സജീവമാകുമെന്ന വിശ്വാസത്തിലാണ് കുട്ടനാട് അപ്പർ കുട്ടനാടൻ മേഖലയിലെ താറാവ് കർഷകരും അനുബന്ധ തൊഴിലാളികളും. ആഘോഷങ്ങളോടനുബന്ധിച്ച് ഏഴ് ലക്ഷത്തോളം ഇറച്ചി താറാവുകൾ വിറ്റഴിയുമെന്നാണ് കരുതുന്നത്.
ഓരോ വർഷവും നവംബർ, ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നതും ലക്ഷക്കണക്കിന് താറാവുകളെ ദ്രുത കർമ്മസേന കൊന്നൊടുക്കിയതുമൊക്കെ താറാവു കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സീസണുകളിൽ കുട്ടനാടൻ ബ്രാൻഡ് താറാവുകളായ ചാര, ചെമ്പല്ലി ഇനത്തിൽപെട്ടവക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ ഈ ഇനത്തിൽ പെട്ട ഏകദേശം ഒരു ലക്ഷം താറാവുകളാണ് കുട്ടനാട്ടിലുള്ളൂ എന്നാണ് പരമ്പരാഗത കർഷകർ ചൂണ്ടിക്കാണിക്കുന്നത്. പാലക്കാട് നിന്നും സീസൺ സമയങ്ങളിൽ വൻ തോതിൽ കുട്ടനാടൻ വിപണിയിലേക്ക് താറാവുകൾ എത്താറുണ്ട്. ഇതിനുപുറമേ തമിഴ്നാട്ടിൽ നിന്നാണ് താറാവുകൾ യഥേഷ്ടം എത്തുന്നത്. മൊത്തക്കച്ചവടക്കാർക്ക് ജോഡിക്ക് 400 രൂപ എന്ന ക്രമത്തിലാണ് വിറ്റഴിക്കുന്നത്. എന്നാൽ ഇറച്ചിക്കച്ചവടക്കാരാകട്ടെ ജോഡിക്ക് 650 മുതൽ 700 രൂപ വരെ ഈടാക്കുന്നുണ്ട്. വിപണനക്കാർ ജലാശയങ്ങളിൽ വലകെട്ടി താറാവുകളെ സൂക്ഷിക്കുകയും ആവശ്യക്കാർക്ക് മാംസമാക്കി നൽകിയുമാണ് വിപണനം. ജീവനോടെ വിലക്ക് വാങ്ങി പോകുന്നവരുമുണ്ട്.
ചാര, ചെമ്പല്ലി താറാവുകളിൽ നിന്നുള്ള മുട്ട കർഷകർ തന്നെ സംഭരിച്ച് ജില്ലയിലെ പള്ളിപ്പാട്, ചെന്നിത്തല പ്രദേശങ്ങളിലെ ഹാച്ചറികളിലൂടെയാണ് വിരിയിച്ചെടുക്കുന്നത്. ചാര, ചെമ്പല്ലി താറാവുകൾക്കും മുട്ടക്കും കുട്ടനാട്ടിൽ വൻ സ്വീകാര്യതയാണുള്ളത്. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ആവശ്യക്കാരെത്തി കുട്ടനാടൻ ബ്രാൻഡ് താറാവുകളും മുട്ടകളും ശേഖരിച്ച് കൊണ്ട് പോകാറുണ്ട്. കഴിഞ്ഞ സീസണിൽ ജില്ലയിലെ തകഴി, കരുവറ്റ, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും ലക്ഷക്കണക്കിന് താറാവുകളെ ദ്രുതകർമ്മ സേനയെത്തി കൊന്ന് നശിപ്പിക്കുകയും മുട്ട ഉൾപ്പടെ ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രതിസന്ധികളില്ലാതെ താറാവ് വിപണി ഉണരുമെന്നാണ് കുട്ടനാട്ടിലെ മുന്നൂറോളം വരുന്ന താറാവുകർഷകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.