ആലപ്പുഴ: പൈപ്പ് വഴി പാചകവാതകം (പൈപ്പ്ഡ് നാച്വറൽ ഗ്യാസ് -പി.എൻ.ജി) വീടുകളിൽ എത്തുന്ന സിറ്റി ഗ്യാസ് ഡിസംബറിൽ ആലപ്പുഴ നഗരത്തിലെ വീടുകളിലെത്തും.
ഏപ്രിൽ മുതൽ അമ്പലപ്പുഴയിലെ വീടുകളിലും ഗ്യാസ് എത്തും. ചേർത്തല തങ്കിക്കവലയിലെ പ്ലാന്റിൽനിന്നാണ് ആലപ്പുഴ നഗരത്തിലേക്ക് പാചകവാതക വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇതിനായുള്ള കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പുകൾ എത്തിച്ചു. തണ്ണീർമുക്കം, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, മുഹമ്മ പഞ്ചായത്തുകളിലാണ് പൈപ്പ് ഇടുന്നത്.
ഇതുവരെ 160 കിലോമീറ്ററിൽ പൈപ്പുകൾ ഇട്ടുകഴിഞ്ഞു. പ്രധാന പൈപ്പ് അമ്പലപ്പുഴ വില്ലേജ് ഓഫിസ് വരെ സ്ഥാപിക്കൽ താമസിയാതെ നടക്കും. അമ്പലപ്പുഴയിൽ ഏപ്രിൽ മുതൽ വീടുകളിൽ കണക്ഷൻ നൽകി തുടങ്ങും. ദേശീയപാത അതോറിറ്റി, പി.ഡബ്ല്യു.ഡി എന്നിവയിൽനിന്ന് പൈപ്പ് കുഴിച്ചിടാനുള്ള അനുമതി ലഭ്യമാക്കാനുള്ള താമസം പൈപ്പിടലിനെ ബാധിക്കുന്നുണ്ട്. ദേശീയപാത നിർമാണം അനുമതിക്ക് തടസ്സമാകുന്നുണ്ട്.
തുരുമ്പിക്കലിനെയും ചോർച്ചയെയും അതിജീവിക്കാൻ കഴിയുന്നവയാണ് കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പുകൾ. ദേശീയപാത 66, പ്രധാന പി.ഡബ്ല്യു.ഡി റോഡുകൾ എന്നിവയുടെ അരികിലൂടെയാണു പൈപ്പ് കടന്നുപോകുന്നത്. 1.2 മീറ്ററിലധികം താഴ്ചയിലാകും പൈപ്പുകൾ സ്ഥാപിക്കുക.
വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമാണ് ഇതിനകം കണക്ഷൻ നൽകിയത്. നിലവിൽ ചേർത്തലക്ക് തെക്കുനിന്ന് കലവൂർ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതാണു ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് നീട്ടുന്നത്.
വയലാർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിലും ചേർത്തല മുനിസിപ്പാലിറ്റിയിലെ ഏഴു വാർഡിലുമായി 160 കിലോമീറ്ററിൽ ഗാർഹിക പൈപ്പ് ലൈൻ സ്ഥാപിച്ചു. 4200ലേറെ വീടുകളിൽ പൈപ്പുവഴി ഗ്യാസ് ലഭ്യമായി തുടങ്ങി.
പി.എൻ.ജിയിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്നവരെക്കാൾ 15 മുതൽ 25 ശതമാനം വരെ സാമ്പത്തിക ലാഭവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എൽ.പി.ജി സിലിണ്ടറുകളുടെ ബുക്കിങ്, സംഭരണം തുടങ്ങിയ ബുദ്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കാനും ഇന്ധന ഉപയോഗം ലാഘവത്തോടെ കൈകാര്യം ചെയ്യാനും പൈപ്പ്ഡ് ഗ്യാസ് വഴിയൊരുക്കും. ഭാവിയിൽ ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. ചേർത്തല മുതൽ തിരുവനന്തപുരം വരെ നീളുന്ന 3000 കോടി രൂപയുടേതാണ് പദ്ധതി. എട്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി) പദ്ധതിയുടെ നിർവഹണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.