ആലപ്പുഴ: സംസ്ഥാന സർക്കാറിന്റെ കായികക്ഷമത മിഷൻ പ്രവർത്തനങ്ങൾ പൂര്‍ത്തിയാകുന്നതോടെ കായികം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അധ്യയന ഇനമായി മാറ്റുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എച്ച്. സലാം എം.എൽ.എ അധ്യക്ഷതവഹിച്ചു. എ.എം.ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിസന്റ് കെ.ജി. രാജേശ്വരി, നഗരസഭ അധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ എന്നിവർ പങ്കെടുത്തു.
ആലപ്പുഴ നഗരസഭയുടെ കൈവശമുള്ള സ്ഥലത്ത് 10.74 കോടി കിഫ്ബി സഹായത്തോടെയാണ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമാണം നടത്തുന്നത്. നാച്ചുറൽ ഫുട്ബാൾ ഗ്രൗണ്ട്, എട്ട് ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അതലറ്റിക് ട്രാക്, ലോങ് ജംപ് പിറ്റ്, ത്രോ ഇനങ്ങൾ, നിലവിലെ കടമുറികളുടെ നവീകരണം, ശുചിമുറി എന്നിവയാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുന്നത്. നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തി മരിച്ച നിദ ഫാത്തിമക്ക് ചടങ്ങിൽ അനുശോചനം അർപ്പിച്ചു.
ആലപ്പുഴ: സ്റ്റേഡിയത്തിൽ കഴിഞ്ഞ 14 വർഷമായി ഒരു മത്സരംപോലും സംഘടിപ്പിക്കാതെ രണ്ടാം ഘട്ട നിർമാണോദ്ഘാടനം നടത്തിയത് പ്രഹസനമെന്ന് ആരോപിച്ച് നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചടങ്ങിൽനിന്ന് വിട്ടുനിന്നു. പൂർത്തീകരിക്കപ്പെടാത്ത പദ്ധതിയുടെ പേരിൽ നഗരവാസികളെയും ഗ്രൗണ്ടുകളുടെ അപര്യാപ്തതമൂലം അവസരങ്ങൾ നിഷേധിക്കപ്പെട്ട കായികതാരങ്ങളെയും വഞ്ചിച്ചതിന് മാപ്പുപറഞ്ഞ് സ്റ്റേഡിയം നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു പറഞ്ഞു.
നഗരസഭയുടെ പദ്ധതികൾ പ്രവർത്തനസജ്ജമാക്കാതെ ഘട്ടം ഘട്ടമായുള്ള ഉദ്ഘാടന മാമാങ്കവും ധൂർത്തും അവസാനിപ്പിക്കണമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി. ശ്രീലേഖ, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസി മോൾ ബെനഡിക്ട്, എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.