ആലപ്പുഴ: ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കാനുള്ള നടപടി ആരംഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ്. വെള്ളക്കെട്ട് കണ്ടെത്തിയ ഇടങ്ങളില്‍ ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കും. കുഴികള്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ മൂടും. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേർന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മന്ത്രി അവലോകനം ചെയ്തു. ദേശീയപാതയിലെ യാത്രാദുരിതം പരമ്പരയായി കഴിഞ്ഞ ദിവസങ്ങളിൽ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
അരൂരില്‍ ദേശീയപാത എലിവേറ്റഡ് ഹൈവേ നിര്‍മാണം നടക്കുന്ന ഭാഗത്തെ ചളി അടിയന്തരമായി ഡ്രഡ്ജ് ചെയ്ത് നീക്കും. ഇവിടെയുള്ള കുഴികള്‍ എത്രയും വേഗം മൂടാനും ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പറവൂര്‍ മുതല്‍ ദേശീയപാത പണി നടക്കുന്നയിടത്ത് സര്‍വിസ് റോഡ് നിര്‍മാണം ആരംഭിക്കാന്‍ നിര്‍ദേശം നല്കി. പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയ അമ്പലപ്പുഴ തെക്ക്, മെഡിക്കല്‍ കോളജിനു സമീപം, കച്ചേരിമുക്ക് എന്നിവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയും ദേശീയപാത അധികൃതരും ചേര്‍ന്ന് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി എടുത്തുവരുകയാണ്.
ദേശീയപാതയോരത്തെ സ്കൂളുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്ന തരത്തിലും സുരക്ഷയെ ബാധിക്കുന്ന തരത്തിലും വിവിധ പ്രശ്നങ്ങള്‍ 35 സ്കൂളുകള്‍ക്ക് മുന്നിലായി കണ്ടെത്തിയിട്ടുണ്ട്. സ്കൂള്‍ തുറപ്പിന് മുമ്പ് ഇവ പരിഹരിക്കും. ആലപ്പുഴ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ നഗരത്തിലെ ഷഡാമണിത്തോട് പൊളിച്ചു പണിയുന്നതിനുള്ള നടപടി ആരംഭിക്കും. ഇരുമ്പുപാലത്തിന് തെക്കുവശത്തെ കലുങ്കിന് വീതി കൂട്ടാനുള്ള പ്രവൃത്തികള്‍ക്ക് ഇറിഗേഷന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇ.എം.എസ് സ്റ്റേഡിയത്തിനു മുന്നിലെ കലുങ്ക് വീതി കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.