ആലപ്പുഴ: ജില്ല സ്കൂൾ കായികമേളയിൽ 375 പോയന്റ് നേടി തുടർച്ചയായ അഞ്ചാംതവണയും ആലപ്പുഴ ഉപജില്ലക്ക് കിരീടം. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം. 333 പോയന്റ് നേടിയ ചേർത്തല ഉപജില്ലക്കാണ് രണ്ടാംസ്ഥാനം. 37സ്വർണവും 30 വെളളിയും 28 വെങ്കലവും നേടി. 75 പോയന്റ് നേടിയ മാവേലിക്കര ഉപജില്ലക്കാണ് മൂന്നാംസ്ഥാനം. നാല് സ്വർണവും 13 വെള്ളിയും 16 വെങ്കലവുമുണ്ട്. തുറവൂർ (52), ഹരിപ്പാട് (51), ചെങ്ങന്നൂർ (22), അമ്പലപ്പുഴ (17), കായംകുളം (11), വെളിയനാട് (എട്ട്), തലവടി (നാല്) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
സ്കൂൾതലത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ചേർത്തല ഉപജില്ലയിലെ കലവൂർ ഗവ. എച്ച്.എസ്.എസ് ഒന്നാമതെത്തി. 17 സ്വർണവും ഏഴ് വെള്ളിയും നാലുവെങ്കലും നേടിയാണ് മുന്നിലെത്തിയത്. 106 പോയന്റ് നേടിയ ആലപ്പുഴ ഉപജില്ലയിലെ ലിയോതേർട്ടീന്ത് രണ്ടാമതെത്തി. 18 സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമായി ഇവർ അവസാനനിമിഷംവരെയും മുന്നിലെത്താൻ പോരാടി.
12 സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 81 പോയന്റ് നേടിയ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എസ്.എസിനാണ് മൂന്നാംസ്ഥാനം. ഈമാസം 23ന് തുടങ്ങിയ ജില്ല കായികമേള നാടുനീളെയുള്ള വേദികൾ പിന്നിട്ടാണ് സമാപിച്ചത്. ജില്ലയിൽ മെഡലുകൾ വാരിക്കൂട്ടുന്ന കായികതാരങ്ങൾക്ക് നല്ലരീതിയിൽ മത്സരം നടത്താൻ ഗ്രൗണ്ടില്ലാത്തതാണ് പ്രധാനപ്രശ്നം. സമാപനസമ്മേളനം മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ: കഴിഞ്ഞതവണ പിന്തള്ളപ്പെട്ടതിന്റെ വേദനയിൽ സീനിയർവിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മത്സരിക്കാനെത്തിയ എസ്. അഭിജിത്ത് സ്വർണം എറിഞ്ഞിട്ടു. ഹാമർ ത്രോയിൽ വെള്ളിയും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടിയായിരുന്നു മടക്കം. മാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടുവിദ്യാർഥിയാണ്. 12.38 മീറ്റർ ദൂരം എറിഞ്ഞാണ് ഒന്നാമതെത്തിയത്. സ്കൂളിലെ കായികാധ്യാപകൻ രമേഷ്കുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. മാന്നാർ വലിയകുളങ്ങര മാറാട്ടേത്ത് സുരേഷ് നിവാസിൽ ബി.ശശികുമാർ-അനിത ജി.നായർ ദമ്പതികളുടെ മകനാണ്.
ആലപ്പുഴ: മോശം ട്രാക്കിലും ഫീൽഡിലും പോരിനിറങ്ങിയ കായികതാരങ്ങൾ ഒരുറെക്കോഡുപോലും ബ്രേക്ക് ചെയ്തില്ല. പരിമിത സാഹചര്യങ്ങളിൽ ക്രമീകരിച്ച ഗ്രൗണ്ടിലെ ട്രാക്കിന് 200 മീറ്റർ പോലും നീളമില്ലായിരുന്നു. ഇതാണ് റെക്കോഡിലേക്ക് എത്താത്തതിന്റെ പ്രധാനകാരണം. പണിപ്പെട്ടാണ് പലരും 100 മീറ്റർ പോലും ഓടിത്തീർത്തത്. പരിമിതികൾക്ക് നടുവിലും പരാതികളില്ലാതെ കായികമേള പൂർത്തിയാക്കാൻ കഴിഞ്ഞത് കായികാധ്യാപകരുടെയും സംഘാടകരുടെയും പരിശ്രമത്തിലാണ്. നിലവിൽ 400 മീറ്റർ ട്രാക്ക് ജില്ലയിൽ ഒരിടത്തുമില്ല. ട്രാക്ക് ഇല്ലാത്തതിനാൽ ദൂരപരിധി ഒപ്പിച്ചാണ് ഏതാനും ഇനങ്ങൾ നടത്തിയത്.
ആലപ്പുഴ: സ്കൂൾ കായികമേളയിൽ മാറ്റുരക്കാൻ സി.ബി.എസ്.ഇയിൽനിന്ന് സംസ്ഥാന സിലബസിലേക്ക് ചുവടുമാറ്റിയ സ്നേഹ ശ്യാമിന് ഹൈജംപിൽ സ്വർണം. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിലാണ് ഒന്നാമതെത്തിയത്. ആലപ്പുഴ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. നൂറ് മീറ്ററിൽ മൂന്നാംസ്ഥാനം ലഭിച്ചിരുന്നു. 200 മീറ്ററിൽ പങ്കെടുത്തെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ആലപ്പുഴ വാടയ്ക്കൽ അക്ഷരം വീട്ടിൽ ശ്യാംകുമാർ-ഇന്ദു ദമ്പതികളുടെ മകളാണ്.
ആലപ്പുഴ: നൂറുമീറ്ററിൽ നഷ്ടമായ സ്വർണം വൈഷ്ണവി ചാടിയെടുത്തു. സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ലോങ്ജംപിലാണ് സ്വർണത്തിൽ മുത്തമിട്ടത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്. 4x100 മീറ്റർ റിലേയിൽ വൈഷ്ണവി ഉൾപ്പെട്ട ടീം സ്വർണം നേടിയിരുന്നു. സ്കൂളിലെ കായികാധ്യാപിക അന്നമ്മ അഗസ്റ്റിന്റെ ശിക്ഷണത്തിലാണ് പരിശീലനം. കലവൂർ വിനീഷ് ഭവനിൽ വിനീഷ് മോന്റെയും ഷീജയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.