കടലിൽ പോകാതെ വള്ളങ്ങൾ
തുറവൂർ: മത്സ്യക്ഷാമം രൂക്ഷമായതോടെ അരൂരിലെ തീരമേഖല വറുതിയുടെ പിടിയിൽ. രണ്ടുമാസമായി മത്സ്യലഭ്യത തീരെ കുറവാണ്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വന്‍തോതില്‍ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയത്താണ് ഒരു മീനും ലഭിക്കാതിരിക്കുന്നത്. തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ നിരാശയോടെയാണ് തിരിച്ചെത്തുന്നത്.
കഴിഞ്ഞദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർ ചെലവുകാശുപോലും കിട്ടിയില്ലെന്ന് പരാതിപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്നാണ് ആവശ്യം.
വള്ളത്തിന് ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുക ഉള്‍പ്പെടെ ആയിരക്കണക്കിന് രൂപ ചെലവ് വരുന്നു. കുറഞ്ഞത് നാലുമുതല്‍ ആറു പേര് വരെ ഒരുവള്ളത്തിൽ പോകാറുണ്ട്. ഒരുതവണ വള്ളം കടലില്‍ പോകുമ്പോള്‍ ചെലവാകുന്ന തുകയുടെ പകുതി പോലും വിലയുടെ മത്സ്യം കിട്ടുന്നില്ല. തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴില്‍ മേഖലയും നിശ്ചലമാണ്. ഡീസൽ-മണ്ണെണ്ണ വില വർധന പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്. മത്സ്യ അനുബന്ധമേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ പതിനായിരങ്ങൾ നരകയാതന അനുഭവിക്കുകയാണ്.
സർക്കാർ രേഖകൾ പ്രകാരം അരൂർ തീരമേഖലയിൽ മാത്രം 10,000ത്തോളം തൊഴിലാളി കുടുംബങ്ങളുണ്ട്. എന്നാൽ, പ്രത്യക്ഷമായും പരോക്ഷമായും 25,000 ലേറെ തൊഴിലാളി കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. മത്സ്യക്ഷാമംമൂലം തൊഴിലാളികൾ വറുതിയിലാകുന്ന സാഹചര്യത്തിൽ ചെറുമത്സ്യങ്ങളെ തൂത്തുവാരി കൊണ്ടുപോകുന്നു . ഇത് അരൂർ തീരമേഖലയിലെ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. നിരോധനം ഉണ്ടെങ്കിലും പുതിയതരം വല ഉപയോഗിച്ച് രാത്രികാലങ്ങളിൽ ബോട്ടുകൾ വ്യാപകമായി ചെറു ചാളകളെയും പൊടി മത്സ്യങ്ങളെയും തൂത്തുവാരുന്നത് പ്രതിഷേധാർഹമാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടന നേതാവ് പി.ജെ. ആൻറണി പറയുന്നു.
ചൂട് അധികമാകുമ്പോൾ കടൽ വറുതിയിലാകും. വേനൽ കടുക്കുമ്പോൾ മത്സ്യങ്ങൾ ഉൾക്കടലിലേക്ക് വലിയുന്ന പ്രതിഭാസം ഈ സമയത്ത് ആവർത്തിക്കുന്നതാണ്.എന്നാൽ ചെറിയ മത്തിയാണ് ഈ സമയത്ത് കൂടുതൽ ലഭിക്കുന്നത്. ഫിഷിങ് ബോട്ടുകാർ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നത് തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും ആന്ധ്രയിലേക്കും മറ്റും ചെറു മത്തികളെയും ചെറു മത്സ്യങ്ങളെയും വളത്തിനുവേണ്ടി കടത്തുന്നതിനാണ്. കുളച്ചൽ , ആന്ധ്ര ബോട്ടുകളാണ് അനധികൃത മത്സ്യബന്ധനത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്.
കടപ്പുറത്ത് 20രൂപ മുതൽ 25രൂപ വരെ മാത്രമേ ചെറിയ മത്തിക്ക് മത്സ്യത്തൊഴിലാളികൾക്ക് വില ലഭിക്കുകയുള്ളൂ. ഇടത്തട്ടുകാരുടെ ഇടപെടലും ഇതിനിടയിൽ അനുഭവിക്കേണ്ടി വരും. മത്സ്യക്ഷാമം മൂലം പട്ടിണിയിലാകുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. ഇതിനിടെ രജിസ്ട്രേഷൻ ഫീസും ലൈസൻസ് ഫീസും ക്ഷേമനിധിവിഹിതവും വർധിപ്പിച്ചതും തൊഴിലാളികളെ കഷ്ടത്തിലാക്കുന്നു. ഇന്ധനത്തിന് വിലകുറച്ചും തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചും ദുരിതത്തിൽ നിന്ന് കരകയറ്റുന്നതിന് പകരം കൂടുതൽ പ്രതിസന്ധിയിലേക്ക് തൊഴിലാളികളെ തള്ളിവിടരുതെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.