ആലപ്പുഴ: മഴ ശക്തമായതോടെ ആലപ്പുഴ നഗരപ്രദേശത്ത് മിക്കയിടങ്ങളിലും വെള്ളക്കെട്ട്. കാനകൾ മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണം. റോഡുകളിലും മിക്കയിടത്തും വെള്ളക്കെട്ടുണ്ട്. റാണി, ഷഡാമണി തോടുകൾ, വാടക്കനാൽ, എ.എസ് കനാൽ എന്നിവയിലൂടെ ആവശ്യത്തിന് വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.
കാനകളിലെയും കനാലുകളിലെയും പോളയും മാലിന്യങ്ങളും നീക്കിയിരുന്നുവെങ്കിലും മണ്ണും ചളിയും അടിഞ്ഞ് കിടക്കുകയാണ്. നഗരസഭ, ഇറിഗേഷൻ വുകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയാണ് കാനകളും തോടുകളും ശുചീകരിക്കേണ്ടത്. റോഡുകളുടെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾ, വ്യാപാരശാലകൾ, യാത്രക്കാർ എന്നിവർക്ക് വെള്ളക്കെട്ട് ദുരിതമാകുന്നു. നഗരസഭക്ക് പുറമേ ദേശീയപാത, പൊതുമരാമത്ത്, എന്നീ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണ് റോഡുകൾ. പ്രധാന പാതകൾ ഇരുവശത്തും കാനകളോടെയാണ് നിർമിച്ചിട്ടുള്ളത്.
ഇതിന്റെ പരിപാലന ചുമതല ഓരോ വകുപ്പിനാണ്. ഇവയിലെ ചെളിയും മറ്റ് മാലിന്യങ്ങളും നഗരസഭയുടെ സഹകരണത്തോടെയാണ് നീക്കുന്നത്. നഗരസഭയുടെ ഗ്രാമീണ റോഡുകളുടെ ഒരുഭാഗം കാനയാണ്. കലക്ടറേറ്റിന് തെക്ക് ഭാഗത്തും സഖറിയ ബസാർ പരിസരങ്ങളിലും കാനകൾ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ്.
ഇവിടെ കാനകളുടെ മുകൾ പരപ്പിലെ മാലിന്യം പോലും നീക്കിയിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. പിച്ചു അയ്യർ മുതൽ കളർകോട് വരെ റോഡ് വരെ പഴയ ദേശീയപാതയാണ്. മറ്റ് റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റേതും. നഗരത്തിൽ ഇരുമ്പു പാലത്തിന് തെക്ക് ഭാഗത്തെ വാർഡുകളിലെ കാനകളിലെ ജലം റാണി, ഷഡാമണി തോടുകളിലൂടെ വാടപൊഴിയിലൂടെ കടലിലേക്കും വടക്കൻ മേഖലയിലെ കാനകളിലെ വെള്ളം വാടക്കനാൽ, എ.എസ് കനാലിലൂടെ വേമ്പനാട്ട് കായലിലേക്കുമാണ് ഒഴുക്കുന്നത്. റാണി തോട്ടിൽ ഒഴുക്ക് കുറഞ്ഞതിനാൽ ശക്തമായ മഴയിൽ പുലയൻവഴിക്ക് തെക്ക് ഭാഗത്ത് വീട്ടുവളപ്പുകളിൽവരെ വെള്ളക്കെട്ടാകുന്നു. സ്റ്റേഡിയം വാർഡിലൂടെ ഒഴുകുന്ന ഷഡാമണി തോട്ടിലും ആഴം കൂട്ടൽ ജോലികൾ നടന്നിട്ടില്ല. രണ്ടിടത്തും ഉപരിതലത്തിലെ മാലിന്യം നീക്കുകമാത്രമാണുണ്ടായത്.
കലുങ്ക് വീതികൂട്ടണമെന്ന് ആവശ്യം
കലക്ടറേറ്റിന് പടിഞ്ഞാറ് റോഡിന് കുറുകെയുള്ള കലുങ്ക് വീതികൂട്ടണമെന്ന് ആവശ്യം. ലജ്നത്തുൽ, സഖറിയ വാർഡുകളിൽ വെള്ളക്കെട്ടിന് കാരണമാകുന്നത് ഈ കലുങ്കിലൂടെ വെള്ളം പോകാത്തതിനാലാണെന്ന് താമസക്കാർ ചൂണ്ടിക്കാട്ടുന്നു. റാണിതോട് ഒഴുകുന്നത് ഈ കലുങ്കിന് അടിയിലൂടെയാണ്. കലുങ്കിന് വിസ്താരം വളരെ കുറവാണ്. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി തുടങ്ങിയവരുടേതായി എട്ട് പൈപ്പുകൾ കലുങ്കിനുള്ളിലൂടെ കടന്നുപോകുന്നു.
പൈപ്പുകളിൽ ഖരമാലിന്യം തടഞ്ഞ് ഒഴുക്ക് നിലക്കുന്നത് പതിവാണ്. ഇപ്പോൾ ഒഴുക്ക് നിലച്ച നിലയിലാണ്. സഖറിയ വാർഡിൽ മൂന്നു തോടുകളുണ്ട്. ഇവ മൂന്നും ചെളിയടിഞ്ഞ നിലയിലാണ്. മേയ് മാസത്തിൽ പെയ്ത വേനൽ മഴയിൽ റാണിതോട്ടിൽ ഒഴുക്ക് നിലച്ചതുമൂലം സൂപ്പർമാർക്കറ്റിൽവരെ വെള്ളംകയറിയിരുന്നു. തോടുകളിലെ മണ്ണും ചളിയും മാലിന്യവും നീക്കണമെന്നും കലുങ്ക് വീതികൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മഴ തുടങ്ങിയിട്ട് നഗരസഭ തോടുകൾ വൃത്തിയാക്കാൻ ഫണ്ട് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇപ്പോൾ തോടുകൾ വെള്ളം നിറഞ്ഞ നിലയിലാണ്. ഇതിൽ നിന്ന് ചെളി നീക്കം ചെയ്യൽ പ്രായോഗികമല്ല. എല്ലാവർഷവും മഴ തുടങ്ങിയ ശേഷം ശുചീകരണത്തിന് എത്തുകയും പേരിന് എന്തെങ്കിലും ചെയ്ത് പോകുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.