മാന്നാർ: ജൽജീവൻ പദ്ധതിയിലെ ജലവിതരണം നിലച്ചിട്ട് ഒരാഴ്ച. മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാംവാർഡിലെ നിവാസികൾ ദുരിതത്തിൽ. ഏകദേശം 350 വീടുകളാണ് വെള്ളം കിട്ടാതെ വലയുന്നത്. ഇതിലേറെയും സാധാരണ കുടുംബങ്ങളാണ്. മുക്കാൽ സെന്റ് മുതൽ വീടുകൾ വെച്ച് താമസിക്കുന്നവർക്ക് കിണറുകൾ വെക്കാൻ സ്ഥലമില്ല. കുഴൽകിണർ സ്ഥാപിക്കാൻ സാമ്പത്തികശേഷിയുമില്ല.
ജൽജീവൻ പദ്ധതിയിൽ പൈപ്പ്ലൈൻ സ്ഥാപിച്ച് കണക്ഷനുകൾ കൊടുത്തതോടെ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ മാർക്കറ്റിന് സമീപത്തെ പമ്പ് ഹൗസിന്റെ പ്രവർത്തന നിർത്തി. എത്ര വരൾച്ചയായാലും കിണറ്റിലെ ജലം വറ്റാത്ത ഇവിടെ ദിനംപ്രതി രണ്ടുതവണ മോട്ടോർ പ്രവർത്തിപ്പിച്ച് ടാങ്കിൽ ജലം സംഭരിച്ചാണ് പൊതുടാപ്പുകളിലൂടെ വിതരണം നടത്തിയിരുന്നത്. ശിവരാത്രി ദിനത്തിൽ കോവുംപുറത്ത് പാടശേഖരത്തിൽ തീ പിടിച്ചപ്പോൾ ആളുകൾ കിണറുകളിലിറങ്ങി വെള്ളം കോരിയിരുന്നു. റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചിരിക്കെ വെള്ളത്തിനായി എന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ് ജനങ്ങൾ. ഇതിനുപരിഹാരമുണ്ടാവണമെങ്കിൽ അടിയന്തര നടപടികളിലൂടെ നിലവിലെ പമ്പ്ഹൗസ് പ്രവർത്തിക്കണം. അല്ലെങ്കിൽ ജൽജീവൻ പദ്ധതിയിലെ ജലവിതരണം മുടക്കംവരാതെ നോക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ജലജീവൻപദ്ധതിയിലെ വിതരണം മുടങ്ങിയതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വാർഡ് അംഗം ഷൈന നവാസ് പരാതിപ്പെട്ടു. കോവുംപുറത്ത് കോളനി മാർക്കറ്റിന് കിഴക്കുവശം, മുല്ലശ്ശേരികടവ് എന്നിവിടങ്ങളിൽ മുൻകാലങ്ങളിൽ സാധാരണ ജലക്ഷാമമുണ്ടാകുന്ന സമയത്ത് വാഹനങ്ങളിൽ കുടിവെള്ളവിതരണം നടത്തിയിരുന്നു. ജൽജീവൻ പദ്ധതിയിൽ കുടിവെള്ളവിതരണമാരംഭിച്ചതോടെ പ്രശ്നങ്ങൾ ഒഴിവായിരുന്നു.
ഇനിയും വാർഡിൽ 30 കണക്ഷനുകൾ കൂടി നൽകിയാൽ പരിപൂർണ്ണമാകും. പമ്പ്ഹൗസിൽ തകരാറുകൾ ഉണ്ട്. അവപരിഹരിച്ച് പ്രവർത്തിപ്പിക്കാനുള്ള നടപടികളാരംഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.