ആലപ്പുഴ: കായംകുളം റെയിൽവേ സ്റ്റേഷനിലെ അമൃത്ഭാരത് പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജരുടെ ഉറപ്പ് ലഭിച്ചതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. എറണാകുളം സൗത്ത്, ചങ്ങനാശ്ശേരി, കൊച്ചുവേളി ഉള്‍പ്പെടെ ആറ് റെയിൽവേ സ്റ്റേഷനുകൾ സന്ദര്‍ശിക്കാനായിരുന്നു ജനറല്‍ മാനേജര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കായംകുളം റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ഒന്നര മാസമായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയില്ല. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും സ്റ്റേഷൻ സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിർദേശം നല്‍കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷൻ സന്ദര്‍ശിച്ച ജനറല്‍ മാനേജര്‍ ഉദ്യോഗസ്ഥരോട് നിര്‍മാണ പ്രവര്‍ത്തികളുടെ കാലതാമസത്തിന്റെ കാരണം ആരാഞ്ഞു. ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണത്തിന് ചുരുങ്ങിയത് എട്ടുമാസമെടുക്കുമെന്നതിനാല് അതിന്റെ നിര്‍മാണം അടിയന്തരമായി ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ നഗരസഭയുടെ പൈപ്പുലൈനുമായി ബന്ധപ്പെടുത്തി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഇതോടൊപ്പം അഞ്ച് വാട്ടര്‍ കൂളറുകളും സ്ഥാപിക്കും. യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ് ഫോം മേല്‍ക്കൂര പൂര്‍ത്തിയാക്കും. മെഡിക്കല്‍ സ്റ്റോര്‍, വിവിധ ബ്രാന്റുകളുടെ ഫുഡ് സ്റ്റാൾ എന്നിവ പുതുതായി അനുവദിക്കും. സ്റ്റേഷൻ കവാടം നവീകരിച്ച് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കും. ക്ലോക്ക് റൂം, കാത്തിരുപ്പ് മുറി, അപ്രോച്ച് റോഡ്, പാര്‍ക്കിങ്, സര്‍ക്കുലേറ്റിങ് ഏരിയ തുടങ്ങിയ നിർമാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ജനറല്‍ മാനേജര്‍ ഉറപ്പുനല്‍കി.
അമൃത് ഭാരത് പദ്ധതി പ്രകാരം കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുന്ന കായംകുളത്ത് നിര്‍മാണം തുടങ്ങി ഒരുവര്‍ഷത്തിലേറെയായിട്ടും കാര്യമായ പുരോഗതിയില്ല. കോട്ടയം -ആലപ്പുഴ പാതകളെ ബന്ധിപ്പിക്കുന്ന ജങ്ഷന് സ്റ്റേഷന് എന്നനിലയില്‍ കായംകുളത്ത് വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ട്. 30 ശതമാനം സ്ഥലങ്ങളില്‍ പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂരയില്ല, പുതിയ ഫൂട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി പ്രാഥമിക നടപടികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. ക്ലോക്ക് റൂം, കാത്തിരുപ്പ് മുറി, അപ്രോച്ച് റോഡ്, പാര്‍ക്കിങ്, സര്‍ക്കുലേറ്റിങ് ഏരിയ തുടങ്ങിയവയുടെ നവീകരണത്തിനും നിര്‍മാണത്തിനും പുരോഗതിയില്ലെന്നത് ചൂണ്ടിക്കാട്ടി എം.പി ജനറൽ മാനേജര്‍ക്ക് നിവേദനവും നല്കി.
തുമ്പോളി പള്ളി തീർഥാടനം: മെമുവിന് തുമ്പോളി സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്
ആലപ്പുഴ: തുമ്പോളി പള്ളിയിലെ അമലോദ്ഭവ മാതാവിന്റെ 425-മത് ദര്‍ശന തിരുനാളിനോട് അനുബന്ധിച്ച് മെമു ട്രെയിന്‍ തുമ്പോളി സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ് അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. ഡിസംബര്‍ ആറ് മുതല്‍ 15 വരെയാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്. രാത്രി ഒമ്പതിനാണ് തുമ്പോളി സ്റ്റോഷനില്‍ മെമു ട്രെയിന്‍ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.