കായംകുളം: ദേശീയപാതയോരത്ത് കോടികൾ മുടക്കിയ അതിർത്തിചിറ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രം 'മാഫിയ സങ്കേതമായി' തീർന്നതിൽ അമർഷം പുകയുന്നു. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന കാലത്തുപോലും ഇല്ലാതിരുന്ന അസമാധാനമാണ് ഈ പ്രദേശത്തിപ്പോൾ. ജനങ്ങളുടെ സ്വസ്ഥ ജീവിതമാണ് 'വികസന പദ്ധതി' വന്നതിലൂടെ നഷ്ടമായത്. അക്കാലത്ത് മാലിന്യത്തിന്റെ ദുർഗന്ധം മാത്രം സഹിച്ചിരുന്നവർ ഇപ്പോൾ ലഹരി മാഫിയ സംഘങ്ങളുടെ വരെ ഭീഷണികളെ അതിജീവിക്കേണ്ടി വരികയാണ്.
കൃഷ്ണപുരം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന അതിർത്തിചിറ ആകർഷകമായ സാംസ്കാരിക വിനോദ കേന്ദ്രമായി മാറുന്നത് ഏറെ പ്രതീക്ഷകളാണ് നാടിന് നൽകിയത്. ഒരുപതിറ്റാണ്ട് മുമ്പ് തുടങ്ങിയ പദ്ധതി ഇഴഞ്ഞും മുറിഞ്ഞുമാണ് മുന്നോട്ടുപോകുന്നത്. പദ്ധതി യാഥാർഥ്യമാകാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന ചർച്ചയും സജീവമാണ്.
പാർക്ക്, നീന്തൽ കുളങ്ങൾ, ചുറ്റും കൽപടവുകൾ, കോട്ടേജുകൾ, പെഡൽബോട്ട് ജെട്ടി, ബോട്ടുകൾ, നടപ്പാത, സൈക്കിളിങ് ട്രാക്ക്, കഫേറ്റ് ഏരിയ, ഐസ്ക്രീം പാർലർ, ലാന്റ്സ്കേപ്പിങ്, അലങ്കാര ദീപങ്ങൾ എന്നിവയടക്കം പദ്ധതിയാണ് വിഭാവനം ചെയ്തത്. ചതുപ്പായിരുന്ന അതിർത്തിച്ചിറ 50 ലക്ഷം രൂപ ചെലവഴിച്ചാണ് കരഭൂമിയാക്കിയത്. പിന്നീട് വികസനത്തിനായി കോടികളും ചെലവഴിച്ചു. ഇതിന് സമീപത്ത് തന്നെ ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയവും യാഥാർഥ്യമായി. അതിർത്തിച്ചിറയിൽ കോടികൾ മുടക്കി ഓപൺ എയർ ഓഡിറ്റോറിയം, ഗ്രന്ഥശാല എന്നിവ സ്ഥാപിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങാനായില്ല.
സ്റ്റേഡിയവും കുളത്തിന്റെ പരിസരവും കാടുകയറിയതോടെ സാമൂഹിക വിരുദ്ധർ കൈയടക്കി. വിജനമായ കെട്ടിടങ്ങളും തടാക പരിസരവും വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തതും ഇവർക്ക് സൗകര്യം ഒരുക്കുന്നു.
പിന്നീട് ലഹരി മാഫിയയുടെ സങ്കേതമായും മാറി. രാത്രികാലം അനാശാസ്യ ഇടപാടുകളുടെ കേന്ദ്രമാണിപ്പോഴിവിടം. കഞ്ചാവ് സംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവ് സംഭവങ്ങളായി. ലോറികളും വാഹനങ്ങളും നിഗൂഢലക്ഷ്യത്തോടെ പാർക്ക് ചെയ്യാൻ തുടങ്ങി. ഇതിനെ ശരിയായ നിലയിൽ തടയിടുന്നതിൽ പൊലീസിനും വീഴ്ച സംഭവിച്ചു.
പദ്ധതി യാഥാർഥ്യമാകുമോ
പദ്ധതി യാഥാർഥ്യമായിരുന്നുവെങ്കിൽ വിനോദ സഞ്ചാര വികസന രംഗത്ത് വൻ നേട്ടം സൃഷ്ടിക്കുന്നതായി മാറുമായിരുന്നു. 2019 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവിടത്തെ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്. 4.18 ഏക്കർ സ്ഥലമാണ് വികസനം പ്രതീക്ഷിച്ച് നഗരസഭ സർക്കാറിന് കൈമാറിയത്. 17 കോടിയോളം രൂപ നിർമാണങ്ങൾക്കായി ഇതിനോടകം ചെലവഴിച്ചു. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും ലക്ഷ്യബോധമില്ലാതിരുന്നതുമാണ് തിരിച്ചടിയായത്.
കൃഷ്ണപുരം കൊട്ടാരം, കാർട്ടൂർ മ്യൂസിയം, തോട്ടവിളഗവേഷണ കേന്ദ്രം എന്നിവ ഇതിന്റെ സമീപത്താണ് പ്രവർത്തിക്കുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, അഴീക്കൽ ബീച്ച് തുടങ്ങിയവയുമായി കോർത്തിണക്കി വിനോദ സഞ്ചാര മേഖല വികസിപ്പിക്കാനും കഴിയും. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലാണ് വീഴ്ച സംഭവിച്ചത്. കഴിഞ്ഞ ദിവസം കുളത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ അതിർത്തിച്ചിറയുടെ വികസനം വീണ്ടും ചർച്ചയാകുകയാണ്.
പദ്ധതി പാതിവഴിയിൽ മുടങ്ങിയതിന് കാരണം വിശദീകരിക്കാൻ അധികൃതർക്കും കഴിയുന്നില്ല. നഗരസഭയും എം.എൽ.എയും സർക്കാറും ഒരേ മുന്നണിയുടെ ഭാഗമായിട്ടും സാങ്കേതിക കുരുക്കുകൾ അഴിച്ച് പദ്ധതി യാഥാർഥ്യമാക്കുന്നതിൽ തടസ്സം എന്തെന്ന് വ്യക്തമാകുന്നില്ല.
ഇടപെടലുണ്ടാകും -നഗരസഭ ചെയർപേഴ്സൻ
കൃഷ്ണപുരം അതിർത്തിച്ചിറയെ സാമൂഹിക വിരുദ്ധരിൽനിന്ന് മോചിപ്പിക്കുന്നതിന് ഇടപെടുമെന്ന് നഗരസഭ ചെയർപേഴ്സൻ പി. ശശികല. കാടുകൾ വെട്ടിത്തെളിക്കാൻ നടപടിയെടുക്കും. വൈദ്യുതിവിളക്കുകൾ തെളിക്കും. പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
പട്രോളിങ് ഊർജിതമാക്കും -എസ്.എച്ച്.ഒ
അതിർത്തിച്ചിറയിൽനിന്ന് സാമൂഹിക വിരുദ്ധരെ തുരുത്തുന്നതിന് കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വൈ. മുഹമ്മദ് ഷാഫി പറഞ്ഞു. തമിഴ് നാടോടി സംഘങ്ങൾ അടക്കമുള്ളവർ തമ്പടിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴൊക്കെ പരിശോധന നടത്തിയിരുന്നു.
ആളുകൾ അറിയിക്കുന്നതനുസരിച്ച് പൊലീസ് റോഡിൽ എത്തുന്നതോടെ തമ്പടിച്ചവർ രക്ഷപ്പെടുകയാണ് പതിവ്. ദുരൂഹ സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഈ ഭാഗത്ത് നിരീക്ഷണം കർശനമാക്കി. പട്രോളിങ് ഊർജിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നങ്ങൾ ഏറെ, പറയാൻ ഭയം -ലാൽ (പരിസരവാസി)
അതിർത്തിച്ചിറയിൽ പറയാൻ ഭയക്കുന്ന തരം ഇടപാടുകളാണ് രാത്രികാലങ്ങളിൽ നടക്കുന്നതെന്ന് പരിസരവാസിയായ ലാൽ പറയുന്നു. ക്വട്ടേഷൻ സംഘങ്ങൾ അടക്കം ഇവിടെ എത്താറുണ്ട്. സംഘർഷങ്ങൾ പതിവാണ്. അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ റോഡരികിൽ പാർക്ക് ചെയ്തിട്ട് ജീവനക്കാർ ഇവിടേക്ക് പോകുന്നത് പതിവുകാഴ്ചയാണ്. പദ്ധതി പൂർത്തിയാക്കിയാൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ. മാലിന്യകേന്ദ്രമായിക്കിടന്ന കാലത്ത് ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനാശാസ്യകേന്ദ്രം -അഡ്വ. അബ്ദുൽ നാസർ
വിജനമായ കെട്ടിടങ്ങളും മതിയായ വെളിച്ചമില്ലാത്തതും പരിസരം കാടുകൾ വളർന്നതുമാണ് അതിർത്തിച്ചിറ സാമൂഹിക വിരുദ്ധരുടെ താവളമാകാൻ കാരണമെന്ന് പൊതുപ്രവർത്തകനും സമീപവാസിയുമായ അഡ്വ. എസ്. അബ്ദുൽനാസർ കുറ്റപ്പെടുത്തി.
രാത്രി 10 കഴിയുന്നതോടെ ലഹരി സംഘങ്ങളുടെയും അനാശാസ്യക്കാരുടെയും കേന്ദ്രമായി മാറും. പൊലീസ് റോഡിൽ എത്തുന്നത് കെട്ടിടങ്ങളിലിരുന്ന് കാണാനാകും. അതിർത്തിച്ചിറയിലെ ഇരുട്ടും റോഡിലെ വെളിച്ചവുമാണ് രക്ഷപ്പെടാൻ സൗകര്യമൊരുക്കുന്ന മുഖ്യഘടകം. കൃഷ്ണപുരം കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചാൽ മാത്രമേ ഒരുപരിധിവരെ പരിഹാരം കാണാനാകൂ. അതിർത്തിച്ചിറയിൽ സുരക്ഷ ജീവനക്കാരനെ നിയോഗിക്കാനും നടപടിയുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.