കായംകുളം: പ്രകൃതി സംരക്ഷണത്തിന്‍റെ പുതുപാഠങ്ങൾ വിദ്യാർഥികൾക്ക് പകരാനായി കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിൽ ശലഭോദ്യാനം ഒരുങ്ങുന്നു. ശലഭങ്ങളെ അറിയുന്നതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന പാഠം കുട്ടികൾക്ക് പകർന്നു നൽകലാണ് ലക്ഷ്യം. പൂമ്പാറ്റകളുടെയും ശലഭങ്ങളെ ആകർഷിക്കുന്ന പൂക്കളുടെയും വൈവിധ്യങ്ങൾ തിരിച്ചറിയുന്നതിനും ശലഭോദ്യാനം സഹായകമാകും.
ശലഭങ്ങളെ ആകർഷിക്കുന്നതിനായി ചെമ്പരത്തി, ബോൾസം, വേലിപ്പരുത്തി, കാശിത്തുമ്പ, ഗന്ധരാജൻ, മുല്ല, തെച്ചി, കണിക്കൊന്ന, നരകം തുടങ്ങി പ്രാദേശികമായി ലഭ്യമായ ചെടികളാണ് ഉദ്യാനത്തിൽ നട്ടുവളർത്തുന്നത്. കൂടാതെ ശീമ കൊങ്ങിണി, തേൾക്കട, ഗരുഡക്കൊടി, അരുത് തുടങ്ങിയ വിവിധ തരത്തിലുള്ള ചെടികളും വളർത്തുന്നു.
കോവിഡ് കാലത്തിന്‍റെ വിരസതകൾക്ക് വിട നൽകി സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ മാനസികമായ പിരിമുറുക്കം ഒഴിവാക്കുന്നതിനും ശലഭോദ്യാനം സഹായകമാകും. കിളികളും പൂമ്പാറ്റകളും വിരുന്നെത്തുന്ന മുറ്റമാക്കി സ്കൂൾ വളപ്പ് മാറുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ശലഭങ്ങൾക്ക് തേൻ ലഭിക്കാനും മുട്ടയിടാനും വിരിഞ്ഞെത്തുന്നവക്ക് ഇലകൾ തിന്നുവളരാനും സാധ്യമാകുന്ന തരത്തിലുള്ള യോജിച്ച ചെടികളാണ് നട്ടിരിക്കുന്നത്.
ശലഭങ്ങളുടെ വൈവിധ്യം, ജീവിതചക്രം, ആഹാരരീതി തുടങ്ങിയവ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാനും ഇതിലൂടെ കഴിയും. വർണ്ണ ശലഭങ്ങൾ സ്കൂൾ ഉദ്യാനത്തിൽ വിരുന്നുകാരായി എത്തുന്നത് കുട്ടികളിൽ മാനസികോല്ലാസത്തിന് കാരണമാകും. പ്രകൃതിയുമായി ഇണങ്ങിച്ചേരാനും പ്രകൃതി സ്നേഹം വളർത്താനും പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.