കായംകുളം: ബി.ജെ.പി മുന്നേറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സമുദായിക ധ്രുവീകരണം കണ്ടില്ലെന്ന് നടിച്ചത് കായംകുളത്ത് സി.പി.എമ്മിന് തിരിച്ചടിയായി. ബി.ഡി.ജെ.എസ് വഴിയും നേരിട്ടും ബി.ജെ.പി നടത്തിയ നീക്കങ്ങളിൽ പലതും അവഗണിക്കുന്ന സമീപനം സ്വീകരിച്ചതാണ് സി.പി.എമ്മിന്റെ നഷ്ടങ്ങൾക്ക് കാരണമായത്. പിന്തുണ തേടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റിന്റെ വസതിയിൽ എൻ.ഡി.എ സ്ഥാനാർഥിയും സംഘവും എത്തിയത് ഏറെ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെ പത്തിയൂരിലെ ഇടഞ്ഞുനിൽക്കുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വസതിയിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ യൂനിയൻ സെക്രട്ടറിയുടെ സന്ദർശനവും ശ്രദ്ധ നേടിയിരുന്നു. സ്ഥാനാർഥിക്കെതിരെ സാമുദായിക വികാരം ഉയർത്തി വിടുന്ന തരത്തിൽ നടന്ന പ്രചാരണം മനസ്സിലാക്കി തടയിടാനും കഴിഞ്ഞില്ല.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പത്തിയൂർ പഞ്ചായത്തിൽ 994 വോട്ടിന് ബി.ജെ.പി മുന്നിൽ പോയത് സി.പി.എമ്മിന് തിരിച്ചടിയായി. ഇവിടുത്തെ 23 ബൂത്തിൽ 16 ഇടത്ത് ബി.ജെ.പി ഒന്നാമതും ഏഴിടത്ത് രണ്ടാം സ്ഥാനത്തും എത്തി. ചില ബൂത്തുകളിൽ സി.പി.എം മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.
ആരിഫ് മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ച സി.പി.എം മേധാവിത്വ പഞ്ചായത്തുകളായ ചെട്ടികുളങ്ങരയിൽ ആയിരവും ദേവികുളങ്ങരയിൽ 996 വോട്ടിന്റെയും മുന്നേറ്റം ബി.ജെ.പി നേടിയതും സി.പി.എമ്മിന് ആഘാതമായി. യു.ഡി.എഫ് ഭരിക്കുന്ന കണ്ടല്ലൂരിലും 528 വോട്ടിന്റെ മുൻതൂക്കം ശോഭ സുരേന്ദ്രന് ലഭിച്ചു. ഇടതുപക്ഷം ഭരിക്കുന്ന നഗരത്തിലും ഭരണിക്കാവിലും സൃഷ്ടിച്ച മുന്നേറ്റത്തിലൂടെയാണ് കെ.സി. വേണുഗോപാൽ ഇതിനെ മറികടന്നതെന്നതാണ് ശ്രദ്ധേയം.
കൃഷ്ണപുരത്തും 234 വോട്ട് അധികം ലഭിച്ചു. ഇവിടെ ബി.ജെ.പിക്ക് പുറകിൽ മൂന്നാം സ്ഥാനത്തേക്ക് എൽ.ഡി.എഫ് പിന്തള്ളപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. നഗരത്തിൽ പതിനായിരത്തിന് മുകളിലും ഭരണിക്കാവിൽ 6667 വോട്ടും ബി.ജെ.പിക്ക് ലഭിച്ചതും സി.പി.എം പക്ഷത്തിനാണ് നഷ്ടം വരുത്തിയത്. ഇതിൽ ചെട്ടികുളങ്ങരയും ഭരണിക്കാവും മാവേലിക്കര ഏരിയ കമ്മിറ്റിയുടെ പരിധിയിലാണ് പ്രവർത്തിക്കുന്നത്.
സി.പി.എമ്മിന് സ്വന്തം പക്ഷത്തെ വോട്ട് സംരക്ഷിക്കാൻ കഴിയാത്തതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. കൂടാതെ പാർട്ടിക്കുള്ളിൽ ഏറെനാളായി പുകയുന്ന വിഭാഗീയതയും ബി.ജെ.പിയിലേക്കുള്ള വോട്ട് ഒഴുക്കിന് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു.
മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ കാട്ടുന്ന അലംഭാവവും പ്രശ്നമായി. ദേശീയപാത വികസനം, സെൻട്രൽ സ്വകാര്യ സ്റ്റാന്‍ഡ്, ഐ.ടി.ഐ, സ്റ്റേഡിയം, കെ.എസ്.ആർ.ടി.സി കെട്ടിടം തുടങ്ങിയവയിൽ ഭരണ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.