കായംകുളം: പാർട്ടിയെ വെട്ടിലാക്കുന്ന തരത്തിൽ നേതാക്കളിൽനിന്ന് നിരന്തരമുണ്ടാകുന്ന പ്രവർത്തനങ്ങളിൽനിന്ന് കരകയറാനാകാതെ സി.പി.എം. നേതാക്കൾതന്നെ പ്രശ്നകാരികളായതോടെ ആരെ തിരുത്തണം ആര് തിരുത്തും എന്ത് തിരുത്തണം എന്നറിയാതെ നേതൃത്വവും വട്ടം ചുറ്റുന്നു. പുതുപ്പള്ളിയിൽ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തിയപ്പോൾ കരീലക്കുളങ്ങരയിൽ സാമ്പത്തിക തർക്കവും സ്ത്രീ വിഷയങ്ങളുമാണ് പുകയുന്നത്. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായ പ്രയാർ വടക്ക് കുന്നേൽകടവ് സിബി ശിവരാജന് (37) എതിരെയാണ് കാപ്പ നിയമത്തിൽ നടപടി തുടങ്ങിയത്. മണൽ മാഫിയ ബന്ധവും ക്രിമിനൽ പ്രവർത്തനവുമാണ് നടപടിക്ക് കാരണം. ഡി.വൈ.എഫ്.ഐ മുൻ മേഖല സെക്രട്ടറിയായ സിബിക്കെതിരെ മണൽ കടത്തിന് റവന്യൂ വകുപ്പും കേസ് എടുത്തിട്ടുണ്ട്. ഒമ്പത് മാസത്തേക്കാണ് ജില്ലയിൽനിന്ന് നാട് കടത്തിയിരിക്കുന്നത്.
ഇതിനിടെ കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയുമായ പ്രേംജിത്തിനെതിരെ കരീലക്കുളങ്ങര സ്റ്റേഷനിൽ യുവതി നൽകിയ പരാതി മൊഴി മാറ്റി പൊലീസ് അട്ടിമറിച്ചതായ ആരോപണവും ഉയരുന്നു. സഹകരണ സംഘം ജീവനക്കാരനായ പ്രേംജിത്തിന്റെ മാതാവിന്റെ പേരിൽ നടത്തിയിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ നടന്ന തർക്കമാണ് സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കുന്നത്. സ്ഥാപനത്തിൽനിന്നും ലക്ഷങ്ങൾ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന് ഒരു പകൽ സ്ഥാപനത്തിൽ തടഞ്ഞുവെച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, ഇയാളുടെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങാതിരുന്നതാണ് ശത്രുതക്ക് കാരണെമന്നാണ് യുവതിയുടെ ആരോപണം.
പരാതിയിൽ മൊഴി മാറ്റിയാണ് കേസ് എടുത്തതെന്നും ഇത് അംഗീകരിക്കില്ലെന്നും യുവതി പറയുന്നു. ഇതിനിടെ വിഷയത്തിൽ കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയിൽ ആരോപണ വിധേയൻ ഒറ്റപ്പെട്ടതായാണ് സൂചന. പുറത്താക്കണമെന്ന് ഭൂരിപക്ഷവും ആവശ്യപ്പെട്ടെങ്കിലും കമ്മീഷനെ വച്ച് പരിശോധിക്കാനാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നതത്രേ. ഇതിനിടെ കഴിഞ്ഞയാഴ്ച നടന്ന ഏരിയ കമ്മിറ്റിയിൽ രണ്ട് മുതിർന്ന അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുടെ വക്കോളമെത്തിയ തർക്കവും പാർട്ടിയിൽ പുകഞ്ഞുകത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.