കായംകുളം: ചികിത്സ പണപ്പിരിവ് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് വനിത നേതാക്കളുടെ സമൂഹ മാധ്യമ ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം നിശ്ചയിച്ച അന്വേഷണ കമീഷൻ തെളിവെടുപ്പ് തുടങ്ങി.
ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ചികിത്സ സഹായ വിഷയം സമൂഹ മാധ്യമത്തിൽ ചർച്ചയായിരുന്നു. സഹായം നൽകിയത് സംബന്ധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ വിശദമായ കുറിപ്പിന് താഴെ മുഴുവൻ തുകയും കിട്ടിയില്ലെന്ന മേഘയുടെ പ്രതികരണമാണ് ചർച്ചക്ക് കാരണമായത്. വിഷയത്തിൽ യൂത്ത് കോൺഗ്രസുകാർ ചേരിതിരിഞ്ഞതിനൊപ്പം രാഷ്ട്രീയ എതിരാളികൾക്ക് വിമർശന ആയുധമായും പ്രതികരണം മാറി. വിഷയത്തിൽ സംഘടന പ്രതിരോധത്തിലായതോടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
സംസ്ഥാന ഭാരവാഹികളായ വി.കെ. ഷിബിന, ലിന്റോ ജോൺ, അഡ്വ. നിഹാൽ എന്നിവരടങ്ങിയ സമിതിക്ക് മുമ്പാകെ ഇരുപക്ഷത്ത് നിന്നുള്ളവരും മൊഴി നൽകി. എതിരാളികൾക്ക് ആയുധം നൽകുന്ന തരത്തിലുള്ള പ്രതികരണമാണ് മേഘയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നിരവധി പേർ മൊഴി നൽകിയതെന്നാണ് സൂചന.
എല്ലാ ഇടപാടുകളും മേഘയുടെ അക്കൗണ്ട് വഴി മാത്രമാണ് നടന്നതെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സംശയത്തിന്റെ പുകമറ സൃഷ്ടിച്ചത് ശരിയായില്ലെന്ന വാദമാണ് പലരും അവതരിപ്പിച്ചത്. എന്നാൽ, ജില്ല സെക്രട്ടറിക്ക് നൽകിയ ചികിത്സ സഹായം സംബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംസ്ഥാന ഭാരവാഹിയുടെ നടപടി ശരിയായില്ലെന്ന വാദവും ചിലർ ഉയർത്തി.
പാർട്ടി ഫോറത്തിൽ വിശദീകരിക്കേണ്ട വിഷയം സമൂഹ മാധ്യമത്തിൽ ചർച്ചയാക്കിയതിലൂടെ പാർട്ടിയെ വെട്ടിലാക്കിയത് സംസ്ഥാന ഭാരവാഹിയാണെന്ന വാദമാണ് ഇവർ മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.