കായംകുളം: രാഷ്ട്രീയ വാക്പോരിന് വഴിതുറന്ന സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ലേല നടപടി മുൾമുനയിൽ. ലേലത്തിന് മുമ്പ് നഗരസഭ സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്ന ഉത്തരവാണ് ലേല നടപടി ആശങ്കക്കിടയാക്കിയത്. അതേസമയം താഴത്തെ നിലയിലെ ലേലനടപടികൾ മുൻസിഫ് കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്. ചൊവ്വാഴ്ച രാവിലെ 11.30നാണ് ലേലം നിശ്ചയിച്ചിരുന്നത്. പ്രാധാന്യമുള്ള താഴത്തെ നിലയിലെ കടമുറികൾ സ്ഥാനം മാറ്റി കൊടുത്തതിനെതിരായ ഉടമകളുടെ ഹരജിയിലാണ് 23 വരെ ലേല നടപടി റദ്ദാക്കിയിരിക്കുന്നത്. ഇതോടെ താഴത്തെ നിലയിലെ ലേലം നടക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ജനറൽ വിഭാഗത്തിലെ മൂന്ന് കടമുറികളുടെയും പട്ടികജാതി വിഭാഗത്തിനുള്ള മൂന്ന് കടമുറികളുടെയും പൊതുലേലമാണ് താഴത്തെ നിലയിൽ നിശ്ചയിച്ചിരുന്നത്. അതേസമയം പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ലേല നടപടി ചട്ടലംഘനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇൗ വിഭാഗത്തിനായി പ്രത്യേക നോട്ടിഫിക്കേഷൻ വഴി അപേക്ഷ ക്ഷണിച്ച് കൈമാറണമെന്ന ചട്ടമാണ് ലേലത്തിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മതിയായ അപേക്ഷകരില്ലെങ്കിൽ ഇവ ജനറൽ വിഭാഗത്തിന് കൈമാറണമെന്നാണ് നിയമം. ഇതിനെ മറികടക്കാൻ ബിനാമി ഇടപാടുകാരെ മുൻനിർത്തിയുള്ള ലേലമാണ് തയാറാക്കിയതെന്നാണ് ആക്ഷേപം.
പഴയ കെട്ടിടത്തിലെ വ്യാപാരികളും നഗരസഭയുമായി 2010ൽ രൂപപ്പെടുത്തിയിരുന്ന കരാറിെൻറ ലംഘനമാണ് കോടതി നടപടികൾക്ക് കാരണമായത്. മുൻസിഫ് കോടതി കൂടാതെ ഹൈകോടതിയിലും കടമുറി കൈമാറ്റം സംബന്ധിച്ച നിരവധി കേസുകൾ നിലവിലുണ്ട്. കടമുറികളുടെ സ്ഥാനമാറ്റം, ഡെപ്പോസിറ്റിലെ അമിതമായ വർധന എന്നിവയാണ് കേസുകൾക്ക് കാരണമായത്. ഭരണനേതൃത്വത്തിെൻറ നിയമവിരുദ്ധ നടപടിക്ക് ഏറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ യു. മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.