കായംകുളം: സി.പി.എം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിലെ രൂക്ഷ വിഭാഗീയത കൂട്ട രാജിയിൽ കലാശിച്ചു. 12 പേർ അംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകിയതോടെ പ്രവർത്തകരെ അനുനയിപ്പിക്കാൻ നേതാക്കൾ കളത്തിൽ. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായിരുന്ന ഷാം, എൻ. രാജേന്ദ്രൻ, അംഗം മോഹനൻ പിള്ള എന്നിവർക്ക് എതിരെ നടപടി സ്വീകരിച്ചതാണ് കൂട്ടരാജിക്ക് കാരണം. കഴിഞ്ഞ ദിവസം കൂടിയമാവേലി സ്റ്റോർ ബ്രാഞ്ച് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയവരാണ് രാജിവെച്ചവരിൽ കൂടുതലും.
കഴിഞ്ഞ സമ്മേളന കാലയളവിലെ സംഘടന ചർച്ചയിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉന്നയിച്ചത് മുതൽ തുടങ്ങിയ വിഭാഗീയതയാണ് ഇപ്പോഴത്തെ നടപടികളിലേക്ക് നയിച്ചത്. കൃഷ്ണപുരം പഞ്ചായത്ത് അംഗം കൂടിയായ ഏരിയ സെന്റർ അംഗം എസ്. നസീമിന് എതിരെ പരസ്യ നിലപാട് സ്വീകരിച്ചതും വിഷയം രൂക്ഷമാക്കി.
ഇദ്ദേഹം പ്രതിനിധീകരിക്കുന്ന വാർഡിൽ ചട്ട പ്രകാരം ഗ്രാമസഭ കൂടാതെ കൃത്രിമം കാട്ടിയെന്ന പരാതി പഞ്ചായത്തിൽ എത്തിയിരുന്നു. നടപടിക്ക് വിധേയരായവരാണ് ഇതിന് പിന്നിലെന്ന് ചൂണ്ടികാട്ടി ഔദ്യോഗിക നേതൃത്വം കുറ്റപത്രം നൽകുകയായിരുന്നു. വിപിൻദാസ്, ഷാം, എൻ. രാജേന്ദ്രൻ, മോഹനൻ പിള്ള എന്നിവർക്ക് ഐക്യദാർഢ്യവുമായി അജി, കമൽ, ഗോപു ഗണേഷ്, ബിജു, ബി. ദേവദാസൻ, എസ്. സൂരജ, വീണ വിശ്വാനന്ദൻ, അരവിന്ദ് എന്നിവരാണ് രാജിവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.