ഡി.വൈ.എഫ്.ഐക്കാരന് ജാമ്യമില്ലാ വകുപ്പ്, ബി.ജെ.പി നേതാവിന് ജാമ്യം കിട്ടുന്ന വകുപ്പ്; ഒരേ കുറ്റകൃത്യത്തിലെ പൊലീസിന്‍റെ ഇരട്ടനീതി വിവാദമാകുന്നു

വള്ളികുന്നം (ആലപ്പുഴ): ഇരുളിന്‍റെ മറവിൽ കൊടിമരവും ബോർഡുകളും തകർത്ത കേസിലെ പൊലീസിന്‍റെ ഇരട്ട നീതി ചർച്ചയാകുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ ജാമ്യമില്ലാ വകുപ്പും സമാനമായ കുറ്റകൃത്യത്തിൽ ബി.ജെ.പി നേതാവിന് ജാമ്യം കിട്ടുന്ന വകുപ്പും ചുമത്തിയതാണ് ചർച്ചയാകുന്നത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സ്‌ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നശിപ്പിച്ചെന്ന കേസിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വള്ളികുന്നം ഇലിപ്പക്കുളം പണിക്കവീട്ടിൽ പടീറ്റതിൽ മുഹമ്മദ് ഷായെ (28) പിടികൂടി റിമാൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പായിരുന്നു ഈ സംഭവം. അതേസമയം കാമ്പിശേരി ജങ്ഷന്‍റെ വിവിധ ഭാഗങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാപിച്ച കൊടിമരങ്ങൾ, പതാക, ഫ്ളക്സ് എന്നിവ തകർത്ത സംഭവത്തിൽ പിടിയിലായ കടുവിനാൽ താളിരാടി സ്വദേശിയും ബി.ജെ.പി മണ്ഡലം ഭാരവാഹിയുമായ ദിപിക്ക് (സുധി) എതിരെ ജാമ്യം കിട്ടുന്ന വകുപ്പിൽ കേസ് എടുത്തു. സമാന വിഷയങ്ങളിൽ രണ്ട് തരത്തിൽ പ്രവർത്തിച്ച പൊലീസിന് എതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ പ്രതിയെ യഥാ സമയം കണ്ടെത്തിയെങ്കിലും സമ്മർദങ്ങൾക്ക് ഒടുവിൽ മേയ് മാസത്തിലാണ് കേസ് എടുക്കാൻ തയാറായത്. എന്നാൽ, സ്റ്റേഷനിൽ പോലും വിളിച്ചുവരുത്താതെ നോട്ടീസ് നൽകുക മാത്രമാണ് ചെയ്തത്.

ചൂനാട് തെക്കേ ജങ്ഷനിൽ സ്‌ഥാപിച്ചിരുന്ന കൊടിമരവും കൊടികളും തകർത്തതിന്‍റെ പേരിലാണ് ഷായെ വള്ളികുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വർഗീയ ലഹളയുണ്ടാക്കി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന വകുപ്പാണ് ചുമത്തിയത്. ഇതോടൊപ്പം ഇയാളുടെ ഉടമസ്ഥതയിലുള്ള ചൂനാട്ടെ സ്ഥാപനം പൂട്ടിച്ച നടപടിയും ചർച്ചയായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് വർഗീയ സംഘർഷങ്ങളുടെ ഭാഗമായി രണ്ട് പേർ കൊല്ലപ്പെട്ട പ്രദേശത്ത് ബി.ജെ.പി നേതാവ് നടത്തിയ കൊടി നശിപ്പിക്കൽ സംഭവത്തിൽ പൊലീസ് കാട്ടിയ ലാഘവ സമീപനം ചർച്ചയാകുന്നത്.

പ്രദേശത്ത് മന:പൂർവം കലാപവും സംഘർഷവും സൃഷ്ടിക്കുകയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നുവെങ്കിലും സ്റ്റേഷനിൽ ഹാജരാകുന്നതിൽ വരെ ഇളവ് നൽകുകയായിരുന്നു. ഇതേ ഉദ്യോഗസ്ഥർ ഡി.വൈ.എഫ്.ഐക്കാരൻ പ്രതിയായപ്പോൾ നിലപാട് മാറ്റിയതിൽ സി.പി.എമ്മും പ്രതിഷേധത്തിലാണ്. 

Tags:    
News Summary - double justice of the police in the same crime Kayamkulam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.