കായംകുളം: എസ്.എൻ.ഡി.പി നേതാവിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നിൽ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയ ആസൂത്രിത രാഷ്ട്രീയ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തള്ളി എൻ.ഡി.എ രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ധ്രുവീകരണ നീക്കവുമായി യൂനിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ രംഗത്തിറങ്ങിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കത്തിന് പിന്നിൽ സംഘ്പരിവാർ താൽപര്യങ്ങളാണെന്നാണ് സൂചന. എസ്.എൻ.ഡി.പി നേതൃത്വത്തിന് താൽപര്യമുള്ള ബി.ജെ.പിയിലെ വനിത നേതാവ് മണ്ഡലത്തിൽ മത്സരിക്കാനെത്തുമെന്നാണ് അറിയുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവർ മണ്ഡലത്തിന് പ്രത്യേക ശ്രദ്ധനൽകി കാര്യങ്ങൾ നീക്കുന്നുണ്ട്. ഇതിനായി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ പ്രദീപ് ലാലിനെ കളത്തിലിറക്കിയതാണെന്നാണ് സംസാരം. മത്സരിക്കാൻ പ്രദീപ് ലാലിനും താൽപര്യമുണ്ടത്രേ.
ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ഈഴവ സമുദായത്തെ വരുതിയിലാക്കാൻ സംഘ്പരിവാർ ഏറെനാളായി നടത്തിവന്നിരുന്ന നീക്കത്തിന്റെ പ്രതിഫലനം ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ പ്രസിഡന്റ് ചന്ദ്രദാസിന്റെ മൗനാനുവാദവും കരുത്തായി.
ബി.ഡി.ജെ.എസ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തിട്ടും ചന്ദ്രദാസ് ലോക്കൽ കമ്മിറ്റി അംഗമായി തുടരുന്നുവെന്നതിൽ സി.പി.എം നേതൃത്വത്തിലെ ചിലരുടെ സ്വാധീനമുണ്ട്. യൂനിയൻ കൗൺസിലറായ കോൺഗ്രസ് ഭാരവാഹികൂടി പങ്കെടുത്ത യോഗത്തിലാണ് വിവാദ പ്രസംഗം നടന്നതെന്നതും ശ്രദ്ധേയമാണ്.
സംഘ്പരിവാർ മുന്നേറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള ധ്രുവീകരണം കണ്ടില്ലെന്ന് നടിച്ചതാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായത്. പാർട്ടി നേതൃത്വങ്ങൾ കാട്ടിയ നിസ്സംഗതയാണ് പ്രകടമായ വർഗീയത പ്രചരിപ്പിച്ചുള്ള ധ്രുവീകരണ നീക്കത്തിന് കരുത്തായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രദീപ് ലാലിന് 11,189 വോട്ടാണ് ലഭിച്ചത്. 2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 20,000 വോട്ട് ലഭിച്ചിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ 48,775 വോട്ട് നേടി ഇടതുപക്ഷത്തേക്കാൾ മുന്നിലെത്താൻ എൻ.ഡി.എക്ക് കഴിഞ്ഞു.
ഇതിനിടെ എസ്.എൻ.ഡി.പി നേതാവിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ മൗനം പാലിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും ചർച്ചയാകുകയാണ്. വിഷയത്തിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികളുടെ നിലപാട് ജനം ഉറ്റുനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.