കായംകുളം: കണ്ടല്ലൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് സി.പി.എമ്മിൽ കൂട്ടരാജി തുടരുന്നു. ഒരു ലോക്കൽ കമ്മിറ്റി അംഗവും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും 15ൽ അധികം പാർട്ടി അംഗങ്ങളുമാണ് ബുധനാഴ്ച രാജിവെച്ചത്. നേരത്തേ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും 30 ഓളം പാർട്ടി മെംബർമാരും രാജിവെച്ചിരുന്നു. ബാങ്കിന്റെ ഫ്രാക്ഷൻ ചുമതലയുള്ള ഏരിയ കമ്മിറ്റി അംഗം ഒഴിഞ്ഞതായും സൂചനയുണ്ട്. അഞ്ച് ജീവനക്കാരെ ബാങ്കിൽനിന്നും പുറത്താക്കിയതാണ് പ്രതിഷേധത്തിന് കാരണം. ബാങ്കിന് അരക്കോടിയോളം രൂപ നഷ്ടം വന്ന സ്വർണ പണയ തട്ടിപ്പ് സംഭവത്തിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. ഭരണസമിതി നടത്തിയ ക്രമക്കേടിന് പാർട്ടിക്കാർ എന്ന പരിഗണനയില്ലാതെ ജീവനക്കാരെ ബലിയാടാക്കിയെന്നാണ് ആക്ഷേപം.
ബാങ്ക് ചീഫ് അക്കൗണ്ടന്റ് ഉല്ലാസ് ഭാനു, അക്കൗണ്ടന്റുമാരായ അമ്പിളി, റേച്ചൽ പോൾ, സീനിയർ ക്ലാർക്കുമാരായ എൻ.എസ്. ജയലക്ഷ്മി, കെ. രാഹുൽ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇതിൽ പുതിയവിള ലോക്കൽ കമ്മിറ്റി അംഗമായ ജയലക്ഷ്മിയാണ് രാജിക്ക് തുടക്കമിട്ടത്. ഇവരെ പിന്തുണച്ച് നാല് അംഗങ്ങളും രാജിവെച്ചു. ഇവർക്ക് ഐക്യദാർഢ്യവുമായി എൽ.സി അംഗം അപ്പുണ്ണി രാജിവെച്ചെങ്കിലും ജീവനക്കാരനായതിനാൽ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന് ഒപ്പം പേരാത്ത് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ശ്രീലേഖയും കിഴക്ക് സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും മുഴുവൻ പാർട്ടി അംഗങ്ങളും രാജി നൽകിയതും നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. വിഷയത്തിൽ ഭരണസമിതിയുടെ വീഴ്ച മറച്ചുവെച്ച് ജീവനക്കാരെ ബലിയാടാക്കുകയാണെന്ന ആക്ഷേപമാണ് നേതൃത്വത്തിന് എതിരെ ഉയരുന്നത്.
സി.പി.എം ഏരിയ സെന്റർ അംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് അഡ്വ. സുനിൽകുമാറിന് എതിരെ ഇവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പാർട്ടി ഏരിയ -ജില്ല നേതൃത്വങ്ങൾ ഭരണ സമിതിക്ക് അനുകൂല സമീപനം സ്വീകരിച്ചതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്.
പണയത്തിലിരുന്ന 250 ഓളം സ്വർണപ്പണയ ഉരുപ്പടികൾ ഉടമകളറിയാതെ വിറ്റഴിച്ചത് ബാങ്കിന് ഭീമമായ നഷ്ടം വരുത്തിയിരുന്നു. ഭരണ സമിതി നടത്തിയ ഇടപാടിൽ അരക്കോടിയോളം രൂപ നഷ്ടം വന്നതായി ഓഡിറ്റിൽ കണ്ടെത്തി. ഈ തുക ജീവനക്കാർ തിരിച്ചടക്കണമെന്നായിരുന്നു ഭരണ സമിതി നിർദേശം.
ഇതിന് തയാറാകാതിരുന്നവരെയാണ് പിരിച്ചുവിട്ടത്. മൂന്ന് പേർ തുക നൽകി നടപടിയിൽനിന്ന് ഒഴിവായിരുന്നു.
പണയ ഉരുപ്പടികൾ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് നടപടിക്ക് വിധേയരായവർ പറയുന്നത്.
വിഷയം പരിഹരിക്കാൻ എരിയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പലതവണ ഇടപെടൽ നടന്നെങ്കിലും വിജയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.