കായംകുളം: ബൗദ്ധ പ്രബോധനങ്ങളുടെ കേന്ദ്രീകരണം ലക്ഷ്യമാക്കി കേരള ബുദ്ധസമാജത്തിെൻറ നേതൃത്വത്തിൽ സംഘടിത പ്രവർത്തനങ്ങൾക്ക് ഒാണാട്ടുകരയിൽ തുടക്കം. ബൗദ്ധചരിത്രം ഉറങ്ങുന്ന കേരളത്തിലെ ബുദ്ധമത വിശ്വാസികളുടെ ആദ്യ കൺെവൻഷന്‍ 31ന് കായംകുളത്ത് വേദിയൊരുങ്ങും.
ബുദ്ധമതത്തിെൻറ ഒാണാട്ടുകരയുമായുള്ള പൊക്കിൾക്കൊടി ബന്ധമാണ് ഇത്തരമൊരു നീക്കത്തിന് വഴിയൊരുക്കുന്നത്. കേരളത്തിൽ കൂടുതൽ ബുദ്ധവിഗ്രഹങ്ങൾ കണ്ടെടുത്തത് ഓണാട്ടുകര ഭാഗങ്ങളിൽനിന്നാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് കണ്ടിയൂരിൽ അച്ചൻകോവിലാറിെൻറ തീരത്ത് കമിഴ്ന്ന നിലയിൽ കണ്ടെത്തിയ ബുദ്ധപ്രതിമ മാവേലിക്കര കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുകയായിരുന്നു. കണ്ടിയൂരിലെ ഒരു വീട്ടിൽ അനാഥമായി കിടന്നിരുന്ന പ്രതിമ 1923ൽ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മേൽനോട്ടത്തിലാണ് പുനഃസ്ഥാപിച്ചത്. പിന്നീട് മണ്ഡപംകൂടി നിർമിച്ചതോടെ ബുദ്ധ ജങ്ഷനായും ഇവിടം മാറി. െകാൽക്കത്തക്കാരനായ നരേന്ദ്രനാഥ ഭട്ടാചാര്യയുടെ 'ദ ജ്യോഗ്രഫിക്കൽ ഡിക്ഷണറി'യിൽ ഭരണിക്കാവിെൻറ ബൗദ്ധപാരമ്പര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ നാല് വാർഡിലായി വ്യാപിച്ചുകിടക്കുന്ന പള്ളിക്കൽ പ്രദേശത്തിെൻറ ഉൽപത്തിയും ബുദ്ധമത സ്വാധീനത്തിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. തൊട്ടടുത്ത അടൂർ, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി സ്ഥലങ്ങളും കുട്ടനാട്ടിലെ കരുമാടിക്കുട്ടനും മേഖലയിലെ ബൗദ്ധ പാരമ്പര്യത്തിെൻറ നേർ അടയാളങ്ങളാണ്.
തമസ്കരിക്കപ്പെട്ട കേരളത്തിലെ ബുദ്ധപാരമ്പര്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഗവേഷണങ്ങളും ചർച്ചകളുമായി അക്കാദമിക സാധ്യതകൾ തുറന്നിടുകയാണ് കൺെവൻഷെൻറ പ്രധാന അജണ്ട. ബൗദ്ധരാവുക വഴി രേഖാപരമായി ന്യൂനപക്ഷ വിഭാഗത്തിൽ ഇടംപിടിച്ചവരെ വ്യവസ്ഥാപിത തലത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നും ബൗദ്ധ സമാജം ചെയർമാൻ എൻ. ഹരിദാസ് ബോധ് 'മാധ്യമ'ത്തോട് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ബുദ്ധസംഘങ്ങളുടെ പ്രതിനിധികൾ സംബന്ധിക്കുന്ന കൺെവൻഷനിൽ ബംഗളൂരു ലോകരത്ന ബുദ്ധ വിഹാരത്തിലെ മുഖ്യഭിക്ഷു ബന്ദേ വിനയരഖിത വിശിഷ്ടാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.