കായംകുളം: മധ്യതിരുവിതാംകൂറിലെ വാണിജ്യനഗരത്തിെൻറ വികസന തുടക്കത്തിൽ ഒപ്പം സഞ്ചരിച്ച കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പറയാൻ അവഗണനയുടെ കഥകൾ. ദേശീയപാതയോരത്തിനോടും കെ.പി റോഡിനോടും ചേർന്നുകിടക്കുന്ന ബസ് സ്റ്റേഷെൻറ വികസനം വാഗ്ദാനങ്ങളിൽ മാത്രമായി ഒടുങ്ങുകയായിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിനുതാഴെ വിശ്വസിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോൺക്രീറ്റ് പാളികളായി അടർന്നുവീഴുന്നതടക്കം പരാധീനതകൾ മാത്രമാണ് അക്കമിട്ട് നിരത്താനുള്ളത്.
1964ലാണ് നിലവിലുള്ള സ്ഥലത്ത് ഡിപ്പോയുടെ പ്രവർത്തനം തുടങ്ങുന്നത്. പുതിയിടത്തെ പരിമിതികളിൽനിന്ന് നാല് ഏക്കറോളം വരുന്ന വിശാലമായ സൗകര്യങ്ങളിലേക്ക് വന്നതോടെ പ്രതീക്ഷിച്ച മാറ്റമൊന്നും പിന്നീടുണ്ടായില്ലെന്ന് മാത്രം. ബസ് സ്റ്റേഷെൻറ മൂന്ന് ഭാഗത്തുകൂടിയും പ്രധാന റോഡുകളാണ് കടന്നുപോകുന്നത്. ദേശീയപാത, കെ.പി റോഡ്, കോടതി റോഡ് എന്നിവ കടന്നുപോകുന്ന ഭാഗത്ത് മൾട്ടി ഷോപ്പിങ് കോംപ്ലക്സിനുണ്ടായിരുന്ന സാധ്യത അട്ടിമറിക്കപ്പെടുകയായിരുന്നു. ബസ് സർവിസിനെക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്ന പദ്ധതിയായിട്ടും വാഗ്ദാനം പ്രഖ്യാപനത്തിൽ ഒതുങ്ങി. സമീപ മണ്ഡലങ്ങളിലെ ഡിപ്പോകൾ നവീകരിച്ചപ്പോഴും കായംകുളം അവഗണിക്കപ്പെട്ടു. ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാക്കിയിരുന്നെങ്കിൽ പ്രതിമാസം ലക്ഷങ്ങൾ വാടകയിനത്തിൽ കോർപറേഷന് ലഭിക്കുമായിരുന്നു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന പെട്രോൾ പമ്പുപോലും ഇവിടെ തുടങ്ങാനായില്ല. മാനേജിങ് ഡയറക്ടറുടെ സ്വന്തം നാട്ടിലെ ബസ് സ്റ്റേഷനാണ് അവഗണനയുടെ കയ്പുനീർ പേറുന്നതെന്നും മറ്റൊരു കാര്യം.
കെ.പി റോഡും ഒാണാട്ടുകരയുടെ ഗ്രാമീണ റോഡുകളും കൈയടക്കിയിരുന്ന ആനവണ്ടികൾ കോവിഡ് കാലത്ത് അപ്രത്യക്ഷമാകുകയാണ്. ഗ്രാമീണവഴികളിലെ സർവിസ് പൂർണമായും നിലച്ചു. കെ.പി റോഡിലൂടെയാണ് നാമമാത്ര സർവിസുള്ളത്. അഞ്ഞൂറോളം സർവിസുകൾ നടത്തിയിരുന്ന പ്രതാപകാലം ഒാർമ മാത്രം. 77 ബസുകളും 500 സ്ഥിരം ജീവനക്കാരും 100 താൽക്കാലിക ജീവനക്കാരുമാണ് കോവിഡ് കാലത്തിന് മുമ്പ് ഇവിടെ പണിയെടുത്തിരുന്നത്. വർക്ഷോപ്പും കാര്യക്ഷമമായിരുന്നു. എന്നാൽ, കോവിഡ് കാലത്തെ പരിഷ്കരണ ഭാഗമായി സ്ഥിരം ജീവനക്കാരുടെ എണ്ണം 283 ആയി കുറച്ചു. താൽക്കാലികക്കാർ പത്തായി ചുരുങ്ങി. ഇപ്പോൾ 30 ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ജീവനക്കാരുടെ എണ്ണവും സർവിസുകളും കുറഞ്ഞതോടെ മുതുകുളം, വള്ളിക്കാവ്, പത്തിയൂർ, ഏവൂർ-മുട്ടം, താമരക്കുളം, ചൂനാട്, പാവുമ്പ, അഴീക്കൽ, ആറാട്ടുപുഴ തുടങ്ങിയ ഗ്രാമീണ വഴിയിലെല്ലാം ആനവണ്ടികൾ ഒാട്ടം നിലച്ചു. സർവിസുകളുടെ എണ്ണം കുറഞ്ഞതോടെ വർക്ഷോപ്പും ഇല്ലാതാകും. 31 മെക്കാനിക്കുകളിൽ പകുതിപ്പേരെ മറ്റ് സ്ഥലങ്ങളിേലക്ക് മാറ്റുകയും എൻജിനീയർ തസ്തിക ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. എ.ടി.ഒ, വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ തസ്തികകൾ അധികം വൈകാതെ ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്.
വികസനം പാഴ്വാക്കാകുമെന്ന് ആശങ്ക
ഷോപ്പിങ് കോംപ്ലക്സ് കം ഗാരേജ് എന്ന തലത്തിൽ ശ്രദ്ധേയമായ വികസന പദ്ധതി കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നു. എസ്റ്റിമേറ്റ് തയാറായ പദ്ധതി ബജറ്റിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. യു. പ്രതിഭ മുൻകൈയെടുത്ത് മന്ത്രിമാരും മാനേജിങ് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും ഡിപ്പോ സന്ദർശിച്ചത് സ്വപ്നങ്ങൾക്ക് നിറം പകർന്നിരുന്നു. ബസ് കാത്തുനിൽക്കുന്ന കെട്ടിടത്തിെൻറ മേൽക്കൂരയിലെ പാളികൾ യാത്രക്കാരുടെ തലയിലേക്ക് വീണ് തുടങ്ങിയിട്ടും നടപടി കടലാസിൽ തന്നെയാണ്. ഒന്നാകെ നിലം പതിച്ചാൽ മാത്രമേ അധികൃതർ ഉണരുകയുള്ളോയെന്നാണ് ചോദ്യം.
ഒാപറേറ്റിങ് സെൻററായി തരംതാഴുമോ ?
പദവിയുടെ പ്രതാപമെങ്കിലും ഉണ്ടായിരുന്ന ബസ് സ്റ്റേഷൻ ഒാപറേറ്റിങ് സെൻററായി തരംതാഴ്ത്തുമോയെന്ന ആശങ്കയെ അഭിമുഖീകരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ തുടക്ക ഡിപ്പോകളിൽ ഒന്നായിരുന്ന കായംകുളത്തെ കോവിഡ് മറവിൽ അടച്ചുപൂട്ടാനുള്ള അണിയറ നീക്കം നടക്കുന്നതായാണ് ആക്ഷേപം. സർവിസുകളും ജീവനക്കാരെയും കുറക്കുന്നതിലൂടെ ഒാപറേറ്റിങ് സെൻററാക്കുകയാണ് ലക്ഷ്യമെന്നാണ് സംസാരം. കോവിഡിന് മുമ്പ് സൂപ്പർ ഫാസ്റ്റും ഫാസ്റ്റും ഒാർഡിനറിയും അടക്കം 68 സർവിസുകൾ ഒാപറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ നിലവിൽ 30 എണ്ണം മാത്രമാണുള്ളത്. ഗ്രാമീണ സർവിസുകൾ നിർത്തലാക്കിയതോടെയാണ് എണ്ണത്തിൽ കാര്യമായ കുറവ് വന്നത്. കോവിഡ് ഇളവുകളോടെ ഗ്രാമീണവഴികളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും സർവിസ് പുനരാരംഭിക്കാതിരിക്കുന്നതും അടച്ചുപൂട്ടലിെൻറ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള 72 ബസുകളിൽ 40 ഒാളം ഇതിനോടകം പിൻവലിച്ചു കഴിഞ്ഞു. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും വ്യാപകമായ തോതിൽ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയാണ്. സമീപ ഡിപ്പോകളിൽ കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിച്ചപ്പോഴാണ് ഇവിടെ വഷളായ സ്ഥിതി.
ഒാട്ടം നിലച്ച ബസുകൾ കട്ടപ്പുറത്ത്
നഗരമധ്യത്തിലെ വിലപിടിപ്പുള്ള കെ.എസ്.ആർ.ടി.സി ഭൂമി ഉപയോഗപ്രദമല്ലാത്തതിനാൽ കാടുവളർന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. സർവിസ് നിലച്ചതോടെ കട്ടപ്പുറത്തായ ബസുകളും ഇഴജന്തുക്കൾ കീഴടക്കി കഴിഞ്ഞു. ഇതോടൊപ്പം തെരുവുനായ്ക്കളുടെ ആവാസകേന്ദ്രമായും ബസ് സ്റ്റേഷനും പരിസരവും മാറി. സന്ധ്യകഴിഞ്ഞാൽ ഇതിനകത്തേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്ന കാൻറീനും ഇതുവരെ തുറക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.