കായംകുളം: കായംകുളം കായലിൽ വീറുറ്റ തുഴപ്പാടുകളുമായി മത്സരവീര്യം പകർന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന് കിരീടം. 4.45.03 മിനിറ്റിലാണ് ഇവർ കൈനകരി യുനൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗത്തെയും പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാലിനെയും പിന്നിലാക്കിയത്. രണ്ടാമത് എത്തിയ നടുഭാഗം 4.48.09 മിനിറ്റിലാണ് തുഴഞ്ഞെത്തിയത്.
ലൂസേഴ്സ് ഫൈനലിൽ യഥാക്രമം എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ നിരണം, പൊലീസ് ബോട്ട് ക്ലബിന്റെ മഹാദേവികാട്, കുമരകം കെ.ബി.സിയുടെ പായിപ്പാടൻ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തി. ഒമ്പത് ചുണ്ടനുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം ലൂസേഴ്സ് ഫൈനലിൽ നിരണം ബോട്ട് ക്ലബിന്റെ സെന്റ് പയസ് ഒന്നാമതും വേമ്പനാട് ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി രണ്ടാമതും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ചമ്പക്കുളം മൂന്നാമതും എത്തി.
ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് കായംകുളം കായലിൽ വേഗപ്പോരിന്റെ വിസ്മയ കാഴ്ചകൾ അരങ്ങേറിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് ഹീറ്റ്സുകളിലായി നടന്ന മത്സരത്തിൽ ചുണ്ടനുകൾ കാഴ്ചവെച്ചത്. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി സമ്മാനദാനം നിർവഹിച്ചു. കലക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, മുൻ എം.എൽ.എ സി.കെ. സദാശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.