കായംകുളം: രാജ്യസേവനം തെരഞ്ഞെടുത്തപ്പോൾ ദേശവിരുദ്ധരെന്ന് മുദ്രകുത്തി പുറത്താക്കപ്പെട്ടവർ സാമൂഹിക അംഗീകാരത്തിനായി സംഘടിക്കുന്നു. സ്വാതന്ത്ര്യാനന്തരം ദേശവിരുദ്ധ മുദ്രചാർത്തി കേന്ദ്ര സർക്കാർ സർവിസിൽനിന്ന് പുറത്താക്കിയവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാക്കുന്നതിനായി മനോഹരൻ വക്കീൽ ധർമസമര യാത്രക്കുള്ള ഒരുക്കത്തിലാണ്.
കമ്യൂണിസ്റ്റുകാരനായതിന്റെ പേരിൽ 1971ൽ മദ്രാസ് ആർമി എൻജിനീയറിങ്ങിൽനിന്നും 1972ൽ ആദായ നികുതി വകുപ്പിൽനിന്നും പുറത്താക്കപ്പെട്ടതിന്റെ തിക്താനുഭവങ്ങളാണ് കായംകുളം പെരിങ്ങാല കുമ്പളത്ത് മനോഹരനെ (75) ഇത്തരമൊരു പരിപാടിക്ക് പ്രേരിപ്പിച്ചത്.
കാസർകോട്ട് ആഗസ്റ്റ് 15ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഉപവാസം നടത്തും. 16ന് രാവിലെ ഏഴിന് യാത്ര തുടങ്ങും. ജില്ല കേന്ദ്രങ്ങൾവഴി തിരുവനന്തപുരത്തെത്തി ഭരണാധികാരികൾക്കും മുഖ്യധാര രാഷ്ട്രീയപാർട്ടികൾക്കും നിവേദനം നൽകും. കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരിൽ ദേശദ്രോഹികളായി മുദ്രകുത്തി സർക്കാർ ജോലികളിൽനിന്ന് അക്കാലത്ത് ആയിരങ്ങളാണ് ഒഴിവാക്കപ്പെട്ടത്. ഇതിലൂടെ ഇവരും കുടുംബാംഗങ്ങളും അഭിമുഖീകരിച്ച സാമൂഹികപ്രശ്നം ഒരുകാലത്തും ചർച്ച ചെയ്യപ്പെട്ടില്ലായെന്നത് നിരാശജനകമാണെന്ന് മനോഹരൻ പറയുന്നു.
രാഷ്ട്രീയകാരണങ്ങളാൽ പിരിച്ചയക്കപ്പെട്ടവരെ ചുരുങ്ങിയപക്ഷം അവർ രാജ്യദ്രോഹികളല്ലെന്നെങ്കിലും പ്രഖ്യാപിക്കണമെന്നാണ് പ്രധാനം ആവശ്യം. സർവിസിൽനിന്ന് പുറത്താക്കപ്പെട്ടതോടെ മനോഹരൻ കേരള സ്റ്റുഡന്റ് ഫെഡറേഷനിലും യുവജന ഫെഡറേഷനിലും ജില്ല കമ്മിറ്റി അംഗമായി. തുടർന്ന് പോളിടെക്നിക് യോഗ്യതയുടെ ബലത്തിൽ 1980ൽ ഒമാനിൽ പ്രവാസജീവിതം തെരഞ്ഞെടുത്തു. 1989ൽ മടങ്ങിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. മദ്രാസ് സർവകലാശാലയിൽനിന്ന് ജേണലിസവും പിന്നീട് എം.എ ബിരുദവും കരസ്ഥമാക്കി. കേരള കോഓപറേറ്റിവ് ട്രാൻസ്പോർട്ടിന്റെ പ്രസിഡന്റായും സി.പി.എം എൽ.സി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ജീർണതകളെ ചോദ്യംചെയ്ത കാരണത്താൽ സി.പി.എമ്മിൽ നടപടിക്ക് വിധേയനായി. എഫ്.ഡി.സി.എ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.