കായംകുളം: കഴിഞ്ഞ തവണ എ.എം. ആരിഫിന്റെ വിജയത്തിന് പങ്കാളിത്തം വഹിച്ച മണ്ഡലത്തിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ഞെട്ടലിൽ സി.പി.എം. 2019ൽ ആരിഫിന് 4000 വോട്ടിന്റെ മുൻതൂക്കം നൽകിയ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ കാരണം വിശദീകരിക്കാൻ നേതാക്കൾക്ക് വിയർക്കേണ്ടി വരും. പാർട്ടിയുടെ അടിയുറച്ച കോട്ടകളിലെ വോട്ട് ചോർച്ച നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെയും കവച്ചുവെക്കുന്ന തരത്തിലായി. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പത്തിയൂരിൽ സംഭവിച്ച വ്യതിയാനം കാണാതെ പോയതിനും നേതൃത്വം സമാധാനം പറയേണ്ടി വരും.
സി.പി.എമ്മിനുള്ളിലെ വിഭാഗീയതയും വികസന വിഷയങ്ങളിലെ കാഴ്ചപ്പാടില്ലായ്മയും വോട്ട് ചോർച്ചക്ക് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്തിയൂരിൽ ഉയർന്ന വിവാദം ദോഷകരമായി ബാധിച്ചതായും വോട്ടിങ് നില വ്യക്തമാക്കുന്നു. കെ.സി. വേണുഗോപാൽ 1500ഓളം വോട്ടിന്റെ മുന്നേറ്റം മണ്ഡലത്തിൽ നേടിയത് ഇടതുപക്ഷം പുലർത്തിയ കനത്ത ആത്മിവിശ്വാസത്തിനേറ്റ തിരിച്ചടിയായി. 2014ൽ കെ.സി. വേണുഗോപാൽ മറ്റ് എല്ലാ മണ്ഡലത്തിലും മുന്നിൽ നിന്നപ്പോൾ കായംകുളം ഇടത് സ്ഥാനാർഥി സി.ബി. ചന്ദ്രബാബുവിനാണ് ഭൂരിപക്ഷം നൽകിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നേരിട്ടപ്പോഴും 6000 വോട്ടിന്റെ മുൻതൂക്കം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. എന്നാൽ, 2016ലെ എൻ.ഡി.എയുടെ 20,000 വോട്ടുനില 2021ൽ എത്തിയപ്പോൾ പകുതിയായി കുറഞ്ഞിരുന്നു. ഇവിടെ നിന്നാണ് ഇടതുമുന്നണിയെ കടത്തിവെട്ടി ബി.ജെ.പി സ്ഥാനാഥി ശോഭ സുരേന്ദ്രൻ മുന്നേറ്റത്തിന്റെ ചരിത്രം കുറിച്ചിരിക്കുന്നത്. ദേശീയപാത വികസനത്തിലടക്കം സി.പി.എമ്മും എം.പിയും സ്വീകരിച്ച സമീപനവും ഇടതുപക്ഷത്തിന് തിരിച്ചടിയായതായി വിലയിരുത്തുന്നു. നഗരത്തെ രണ്ടാക്കുന്ന തരത്തിൽ കോട്ടകെട്ടി തിരിക്കുന്ന രീതിയിലുള്ള വികസനത്തിനെതിരെയുള്ള പ്രതികരണം വോട്ടിങ്ങിൽ പ്രതിഫലിച്ചു.
ഇതോടൊപ്പം സി.പി.എമ്മിനുള്ളിലെ വിഭാഗീയത മറനീക്കിയതും ഇടത് മുന്നേറ്റത്തിന് തടസ്സമായതായി പറയുന്നു. പാർട്ടി കോട്ടയായ പത്തിയൂരിൽ ഏരിയ കമ്മിറ്റി അംഗമായ കെ.എൽ. പ്രസന്നകുമാരിയും ജില്ല പഞ്ചായത്ത് അംഗമായ മകൻ ബിബിൻ സി. ബാബുവും ഉയർത്തിയ പ്രശ്നങ്ങൾ ബാധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. കരീലക്കുളങ്ങരയിൽ 2001ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന സത്യൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി ഗുഢാലോചന നടന്നുവെന്ന ബിബിന്റെ വെളിപ്പെടുത്തൽ ഏറെ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. കൂടാതെ പത്തിയൂരിൽ നിലനിൽക്കുന്ന വിഭാഗിയത, കണ്ടല്ലൂരിലെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം, ദേവികുളങ്ങരയിൽ നേതാക്കളുടെ അശ്ലീലത, കൃഷ്ണപുരത്തെ വിഭാഗീയത എന്നിവയും സി.പി.എമ്മിനുള്ളിലെ പുകഞ്ഞുകത്തുന്ന പ്രശ്നങ്ങളായി മാറി.
ഇതിനെയെല്ലാം മറികടക്കാൻ സംഘടന ചട്ടകൂടിന്റെ അവസാന അടവുകളുമായി നേതൃത്വം രംഗത്തിറങ്ങിയെങ്കിലും ഒന്നും ഫലം കണ്ടില്ല. നിരവധി സംഘടന പ്രശ്നങ്ങളെ മറികടന്നുള്ള യു.ഡി.എഫിന്റെ മുന്നേറ്റത്തിന് തിളക്കമേറെയാണ്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കങ്ങളുമായി കളത്തിലിറങ്ങിയ കോൺഗ്രസിന് ഇതെല്ലാം പരിഹരിക്കാൻ ഏറെ സമയം കണ്ടെത്തേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.