കായംകുളം: നിരോധനാജ്ഞ ലംഘിച്ച് പൊലീസ് കാവലിൽ എം.എസ്.എം കോളജിൽ വിദ്യാർഥികളുടെ അഴിഞ്ഞാട്ടം. അക്രമാസക്തരായ വിദ്യാർഥികൾ കോളജിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളും വാതിലുകളും ജനാലകളും അടിച്ചുതകർത്തു. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ തുടങ്ങിയ സംഘർഷാവസ്ഥ രാത്രി വൈകിയും തുടർന്നു.
ക്രിസ്മസ് ആഘോഷത്തിനായി ഒത്തുകൂടിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. സംഘർഷ സാധ്യതയുള്ളതിനാൽ ക്രിസ്മസ് ആഘോഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്്റ്റേഷൻ ഹൗസ് ഒാഫിസർ 22 ന് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആഘോഷം സംഘർഷത്തിൽ കലാശിക്കാൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്.
സംഘർഷമുണ്ടാകുമെന്ന് രഹസ്യ വിവരം ലഭിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കൂടിയ കോളജ് കൗൺസിലാണ് വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷവും െറഗുലർ ക്ലാസുകളും ഒഴിവാക്കാൻ തീരുമാനിച്ചത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി വിദ്യാർഥികളെ അറിയിക്കാനും എല്ലാവരിലും വിവരം എത്തിയതായി ഉറപ്പുവരുത്താനും ഡിപ്പാർട്മെൻറ് മേധാവികൾക്കും നിർദേശം നൽകി.
എന്നാൽ, വിലക്ക് ലംഘിച്ച് നൂറുകണക്കിന് വിദ്യാർഥികൾ വ്യാഴാഴ്ച രാവിലെ തന്നെ കോളജ് കവാടത്തിൽ എത്തുകയായിരുന്നു. നിരോധനവും അധികൃതരുടെ നിർദേശങ്ങളും ലംഘിച്ച് കുട്ടികൾ ബലപ്രയോഗത്തിലൂടെ േഗറ്റ് തുറന്ന് കയറുേമ്പാൾ കാഴ്ചക്കാരുടെ റോളിലേക്ക് പൊലീസ് ഉൾവലിഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം.
പ്രകോപിതരായ വിദ്യാർഥി സംഘം ആഘോഷം ഒഴിവാക്കി കോളജിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ സമയം 10 ഓളം പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത് .വനിത പൊലീസ് ഇല്ലായിരുന്നു. കൂടുതൽ പൊലീസിനെ വരുത്തി നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചതോടെയാണ് വിദ്യാർഥികൾ അഴിഞ്ഞാടിയത്. കാമ്പസിനകത്ത് വാഹനം ഒാടിക്കരുതെന്ന പൊതുവിലുള്ള നിരോധനവും ലംഘിക്കപ്പെട്ടു.
ബൈക്കുകൾ ഭീകര ശബ്്ദത്തോടെ കാമ്പസിനുള്ളിൽ തലങ്ങും വിലങ്ങും ചീറിപ്പായാൻ തുടങ്ങിയതോടെ അധ്യാപകരും ഭയന്നു.
തുടർന്ന് കമ്പും വടിയുമായി ഇറങ്ങിയ ഒരു കൂട്ടർ കാമറകളും വാതിലുകളും അടിച്ചുതകർക്കുകയായിരുന്നു. വിദ്യാർഥികൾ ഗേറ്റ് പൂട്ടിയതിനാൽ അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാനായില്ല.
വൈകീട്ടോടെ എസ്.എഫ്.െഎ ഏരിയ നേതാക്കളെ പൊലീസ് കസ്്റ്റഡിയിൽ എടുത്തത് സ്ഥിതി വീണ്ടും വഷളാക്കി. ഇതോടെ വിദ്യാർഥികൾ ബാക്കിയുള്ള കാമറകളും തകർക്കുകയായിരുന്നു. പ്രശ്നത്തിെൻറ ഗൗരവം മനസ്സിലാക്കി സ്ഥലത്ത് എത്തിയ സി.പി.എം നേതാക്കളുടെ ഇടപെടലിലാണ് ഒരുവിഭാഗം വിദ്യാർഥികൾ പുറത്ത് ഇറങ്ങിയത്. ബാക്കിയുള്ളവരെ പൊലീസ് ലാത്തിവീശി ഒാടിക്കുകയായിരുന്നു.
കത്ത് നൽകി പരിപാടി ഒഴിവാക്കിയ പൊലീസ് ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും അവസാനം വരെ നിഷ്ക്രിയമായത് വ്യാപക വിമർശത്തിന് കാരണമാകുകയാണ്. സി.സി.ടി.വി സംവിധാനം തകർത്തതിലൂടെ മാത്രം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്്ടം സംഭവിച്ചതായി അധികൃതർ പറയുന്നു. വാതിലും ജനാലകളും കൂടി കണക്കാക്കുേമ്പാൾ നഷ്്ടം വർധിക്കും. ഇതുസംബന്ധിച്ച് കോളജ് അധികൃതർ പൊലീസിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.