കായംകുളം: നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൽ ഗഫാർ സേട്ടിന്റെ വീട്ടിലാണ് സംഭവം. ഭാര്യ റാബിയ ഭായിയുടെ ചികിത്സാർഥം തിരുവനന്തപുരത്തു പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ 10ഓടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിച്ചതും വൻ നഷ്ടത്തിനിടയാക്കി. മുൻവശത്തെയും പുറകിലെയും വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു. എന്നാൽ, വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ തിരുവനന്തപുരത്തേക്ക് പോയത്.
ദേശീയപാത നിർമാണം തുടങ്ങിയ ശേഷം ഈ ഭാഗത്ത് മോഷണ സംഘങ്ങളുടെ വിളയാട്ടം ശക്തമാണ്. സമീപത്തെ അനസ് സേട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ കിണറ്റിൽ സ്ഥാപിച്ച ജെറ്റ് പമ്പ് മോഷണം പോയതോടെയാണ് തുടക്കം. എട്ടുമാസം മുമ്പായിരുന്നു സംഭവം. കൂടാതെ ഒരുമാസം മുമ്പ് തൊട്ടടുത്ത കടമുറികളുടെ ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന പൈപ്പ് ഫിറ്റിങ്ങ്സും മോഷണം പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.