കായംകുളം: നഗരസഭ വാർഡ് വിഭജനത്തിൽ ഭൂമിശാസ്ത്ര ഘടന അട്ടിമറിക്കുന്നതായി പരാതി. കരട് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും നഗരസഭയിൽ വിഭജന നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതി റിപ്പോർട്ട് പരിശോധിക്കുന്നതിന് മുമ്പായി സമർപ്പിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. 28, 29 തീയതികളിലായിരിക്കും പരിശോധന.
വാർഡ് ക്രമീകരണ വിഷയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഉദ്യോഗസ്ഥ സമീപനമാണ് റിപ്പോർട്ട് യഥാസമയം തയാറാക്കാൻ തടസ്സമായതത്രേ. വിഭജനത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുൻഗണന വന്നതോടെ അശാസ്ത്രീയത പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. പുതിയ ദേശീയപാത യാഥാർഥ്യമാകുന്നതോടെ നഗരം കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടും. ഈ സാഹചര്യത്തിൽ ഒരു വാർഡ് പാതയുടെ രണ്ട് ഭാഗങ്ങളിലായി വരുന്നത് പ്രവർത്തനങ്ങളിൽ അസൗകര്യം സൃഷ്ടിക്കും. രാഷ്ട്രീയ-സമുദായ താൽപര്യങ്ങളും ബാധിച്ചതായി പറയുന്നു.
പലരും കുത്തകയാക്കി വെച്ചിരിക്കുന്ന വാർഡുകൾ കൈവിട്ടു പോകാതിരിക്കാൻ നടത്തുന്ന കരുനീക്കങ്ങളും വിഭജനത്തെ ബാധിച്ചു. ഇതിനായി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മയും രൂപപ്പെട്ടിട്ടുണ്ട്. 450 വീടുകൾ ഉൾപ്പെടുത്തിയാണ് പുതിയ വാർഡ് ക്രമപ്പെടുത്തേണ്ടത്. നിലവിലുള്ള വാർഡുകളിൽനിന്നും വീടുകൾ ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതും കൈയടക്കി വെച്ചിരിക്കുന്നവർക്കാണ് തിരിച്ചടിയാകുന്നത്. ഇവരുടെ താൽപര്യങ്ങൾക്ക് അനുസൃതമായുള്ള വിഭജനമാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം. ഇതിനിടെ സി.പി.എം ബ്രാഞ്ച്, ലോക്കൽ സമ്മേളനം നടക്കുന്നത് കരട് റിപ്പോർട്ട് യഥാസമയം സമർപ്പിക്കുന്നതിന് തടസ്സമായതെന്നും സംസാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.