കലവൂർ: വൈദ്യുതി ബോർഡിലെ സി.ഐ.ടി.യു ജീവനക്കാര്‍ കുട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിന് പോയി. ഇത് ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനമേറ്റു. മാരാരിക്കുളം വൈദ്യുതി ബോര്‍ഡിലെ സി.ഐ.ടി.യു ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിന് പോയത്.
സംഘർഷത്തിനിടയിൽ എൻജിനീയർക്കും രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റു. കെ.എസ്.ഇ.ബി എസ്.എല്‍ പുരം സബ് ഓഫിസില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. സംഘട്ടനത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് മോന് ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സി.ഐ.ടി.യു സംസ്ഥാന വനിത കമ്മിറ്റി അംഗം കെ.ആര്. ഷീജ, ഡിവിഷന് പ്രസിഡന്റ് കെ.കെ. ചന്ദ്രന് എന്നിവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
കലവൂര്‍ സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ചുമതല എസ്.എല്‍. പുരത്തെ അസി. എൻജിനീയർ രാജേഷ് മോനാണ്.
ചേര്‍ത്തലയില്‍ നടന്ന യൂനിയന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കലവൂര്‍ സെക്ഷന്‍ ഓഫിസിലെ 12 ജീവനക്കാര്‍ കൂട്ട അവധിയെടുത്തത്. നാല് പേരെങ്കിലും ഓഫിസില്‍ നിന്നിട്ട് ബാക്കിയുള്ളവര്‍ പോയാല്‍ മതിയെന്ന് ഉദ്യോഗസ്ഥന് നിര്‍ദേശിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
പരിപാടിക്ക് ശേഷം യൂനിയന്‍ ഭാരവാഹികള്‍ എസ്.എല്‍ പുരത്തെ ഓഫിസിലെത്തി അസി. എൻജിനീയറുമായി തര്‍ക്കിക്കുകയായിരുന്നു. ഒടുവിൽ സംഘട്ടനത്തിലാണ് കലാശിച്ചത്. രാജേഷ് മോന്റെ മുഖത്താണ് പരിക്ക്.
എന്നാൽ ചർച്ചക്ക് എത്തിയ സി.ഐ.ടി.യു നേതാക്കളെ തള്ളിയിട്ടെന്നാണ് യൂനിയൻ നേതാക്കളുടെ പരാതി. വിവരമറിഞ്ഞ് മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി.
അവധിക്ക് അംഗങ്ങള്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടും ഭീഷണിപ്പെടുത്തുകയയായിരുന്നുവെന്നും ചർച്ചചെയ്യാന്‍ സംഘടന നേതാക്കള്‍ എത്തിയപ്പോള്‍ മോശമായി സംസാരിക്കുകയും തള്ളി താഴെയിടുകയും ചെയ്തെന്നും കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്(സി.ഐ.ടി.യു) ഡിവിഷന് സെക്രട്ടറി സജ്ഞയ് നാഥ് ആരോപിച്ചു.
പരീക്ഷാകാലത്ത് കൂട്ട അവധി എടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് എസ്.എല്‍. പുരം വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.