മാവേലിക്കര: മണ്ഡലത്തിന്റെ സ്വപ്നമായ മിച്ചല്‍ ജങ്ഷന് വികസന നടപടി നിലച്ചിട്ട് ഒരുവർഷം പിന്നിട്ടു. വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ ചില വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി തുടർപ്രവർത്തനം താൽക്കാലികമായി സ്റ്റേ ചെയ്തതോടെയാണ് ജങ്ഷൻ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനം നിലച്ചത്.
കേസുമായി പോയവർക്കിടയിൽ ഇപ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടായതായി സൂചനയുണ്ട്. ആഗസ്റ്റിൽ നടക്കുന്ന കേസ് സിറ്റിങ്ങിൽ സ്റ്റേ നീങ്ങിയാൽ തുടർനടപടി യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ട് നീക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റോഡുകളുടെ വീതികൂട്ടുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. മിച്ചല്‍ ജങ്ഷനില്‍നിന്ന് വടക്കോട്ട് 80 മീറ്ററും തെക്കോട്ട് 140 മീറ്ററും പടിഞ്ഞാറോട്ട് 110 മീറ്ററും കിഴക്കോട്ട് 210 മീറ്ററും ദൂരത്തിലാണ് വീതി കൂട്ടുന്നത്. നിലവിലെ ഏഴ് മുതല്‍ എട്ട് മീറ്റര്‍വരെ വീതി, നടപ്പാതയുള്‍പ്പെടെ 18 മീറ്ററായി വികസിക്കും.
മാവേലിക്കര വില്ലേജിൽ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സർവേ നമ്പറുകളിൽപെട്ട 57.08 ആർ (1.40ഏക്കർ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. 115 പുരയിടവും മൂന്നു പുറമ്പോക്കുമാണ് ഇതിലുള്ളത്. 2013ലെ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. നിയമത്തിൽ പറയുന്നത് അനുസരിച്ചുള്ള നഷ്ടപരിഹാരം ഭൂ ഉടമകൾക്ക് ലഭിക്കും. ദേശീയപാതക്ക് ഭൂമി ഏറ്റെടുത്തതും ഇതേ നിയമം അനുസരിച്ചായിരുന്നു. അന്ന് ഏറ്റെടുക്കലിനെതിരെ സമരം നടത്തിയവർ നഷ്ടപരിഹാരത്തുക അറിഞ്ഞതോടെയാണ് സമരത്തിൽനിന്ന് പിന്തിരിഞ്ഞത്.
സ്ഥലമേറ്റെടുക്കൽ ബാധിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ, കടമുറികൾ വാടകക്കെടുത്തവർ, കടകളിലെ ജീവനക്കാർ എന്നിവർക്കു നിയമാനുസൃത നഷ്ടപരിഹാരം നൽകാൻ പദ്ധതിയുണ്ട്. അനുവദിച്ച 25 കോടിയില്‍ 22.5 കോടിയും ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം നല്‍കുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. നിലവിലെ വിപണി വിലയുടെ ഇരട്ടിയും വിജ്ഞാപനം വന്ന തീയതിക്ക് ശേഷമുള്ള 12 ശതമാനം പലിശയും ഉടമകള്‍ക്ക് ലഭിക്കും. പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങൾക്കും വൻ തുക നഷ്ടപരിഹാരം ലഭിക്കും. വാടകക്ക് കടകള്‍ നടത്തുന്നവര്‍ക്ക് 50,000 രൂപയും അംഗീകൃത തൊഴിലാളികള്‍ക്ക് 36,000 രൂപയും വീടുകള്‍ക്ക് 4,60,000 രൂപയും ലഭിക്കും. കട ഉടമകള്‍ക്ക് കെട്ടിടത്തിന്റെ വിലയ്ക്ക് പുറമെ ഭൂമിയുടെ വിലയും ലഭിക്കും.
ഇവരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുന്ന ജോലികൾ റവന്യൂ ജീവനക്കാരുടെ നേതൃത്വത്തിൽ പൂർത്തിയായിരുന്നു. പദ്ധതിപ്രദേശത്തെ പുരയിടങ്ങളുടെ വില നിർണയിക്കാനുള്ള നടപടിയും നടത്തിയിരുന്നു. 25 കോടി ചെലവുള്ള മാവേലിക്കര മിച്ചല്‍ ജങ്ഷന് വികസന പദ്ധതി 2017-18ലെ സംസ്ഥാന ബജറ്റിലാണ് ഉള്‍പ്പെടുത്തിയത്. 2018 സെപ്റ്റംബറില്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. തുടര്‍ന്ന് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടിയും പൂര്‍ത്തീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.