മാവേലിക്കര: രാവിലെ വെയിൽ ചൂടാകുന്നതിന് മുമ്പ് ഉമ്പർനാട് പടിഞ്ഞാറ് ജങ്ഷനിൽ ചെറിയ ജനക്കൂട്ടം കുട്ടികളടക്കം കാത്തുനിൽക്കുന്നു. വെള്ളിയാഴ്ചത്തെ പര്യടനയോഗത്തിന് തുടക്കമിട്ടതോടെ ചിതറി പലഭാഗത്തായി നിലയുറപ്പിച്ച പ്രവർത്തകർ മുന്നിലേക്ക് ഒത്തുചേർന്നു.
കൃത്യം എട്ടിന് കാത്തിരുന്ന ഓരോരുത്തരിലേക്കും കൈകൂപ്പി മാവേലിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാർ എത്തി. ഒപ്പം യുവത്വത്തിലൂടെ കരുത്ത് തെളിയിച്ച എം.എസ്. അരുൺകുമാറുമുണ്ടായിരുന്നു. ഇതോടെ പ്രവർത്തകർക്ക് ആവേശമായി.
കുന്നം ഹൈസ്കൂൾ ജങ്ഷനിൽ എത്തിയപ്പോൾ കനത്തചൂടിലും കാത്തുനിന്നവരുടെ വക സ്വീകരണമെത്തി. ഒരു പ്രവർത്തകൻ വാഴക്കുല നൽകി സ്വീകരിച്ചത് പ്രവർത്തകരിൽ ആവേശമായി.
ഈസമയം മൈക്കിലൂടെ ‘‘ബലികുടീരങ്ങളേ... ബലികുടീരങ്ങളേ... സ്മരണകളിരമ്പും രണസ്മാരകങ്ങളേ... ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ... സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ... വയലാർ രാമവർമ എഴുതി പ്രശസ്മായ ഗാനം അരങ്ങു തകർക്കുകയാണ്.
കെ.പി.എ.സി സോമലത, മായാലക്ഷ്മി, ജസ്റ്റിൻ ഫ്രാൻസിസ് എന്നിവരുടെ ആലാപന മികവിലാണ് ഗാനം കൂടുതൽ ഹൃദ്യമായി. പാട്ടുകേട്ട് ഇതുവഴി പോകുന്നവരും അൽപനേരം നിൽക്കാനും സമയം കണ്ടെത്തി. അമ്മമാരടക്കം ചുവന്നഹാരവും പൂക്കളുമൊക്കെ നൽകിയാണ് വരവേറ്റത്.
കനത്തചൂടിന് അൽപം ശമനമേകി രാവിലെ 10ന് പ്രകൃതിയുടെ മങ്ങലെത്തി. വാഹനത്തിലിരുന്ന സ്ഥാനാർഥി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന നിയമസഭ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയോട് പറയുന്നുണ്ടായിരുന്നു. എന്നാൽ, 11 കഴിഞ്ഞപ്പോൾ വെയിൽ താങ്ങാവുന്നതിലപ്പുറവും കത്തിക്കാളി.
കനത്ത ചൂടിനെപ്പോലും വകവെക്കാതെയാണ് പിന്നീടുള്ള സ്വീകരണ യോഗങ്ങളിലേക്ക് പ്രവർത്തകർ എത്തിയത്. ആ സ്ഥലങ്ങളിലെല്ലാം നൃത്തവും പാട്ടുമെല്ലാം അവതരിപ്പിച്ചാണ് സ്ഥാനാർഥിയെ വരവേറ്റത്. കുട്ടികളുടെ നേതൃത്വത്തിലുള്ള തിരുവാതിര സ്വീകരണത്തിന് മാറ്റുകൂട്ടി. മുൻകൂട്ടി നിശ്ചിച്ച ഓരോ സ്വീകരണ സ്ഥലത്തും പതിവില്ലാത്ത ജനക്കൂട്ടമുണ്ട്.
പ്രചാരണ വാഹനത്തിന്റെ മുൻനിരയിൽ എം.എസ്. അരുൺകുമാർ എം.എൽ.എയുടെ സാന്നിധ്യവും പ്രവർത്തകരിൽ ആവേശമുണർത്തി. ഉച്ചഭക്ഷണം കഴിച്ച് അൽപനേരം വിശ്രമിച്ചു. വൈകീട്ട് മൂന്നിന് വീണ്ടും പ്രചാരണം തുടങ്ങി. സ്വീകരണമില്ലെങ്കിലും ആദ്യംപോയത് പാലമേൽ മൈലാടും മുകൾ ഭാഗത്തേക്കാണ്. ഇവിടെ കൂടിനിന്നവരോട് വോട്ടുചോദിക്കാനും മറന്നില്ല. പിന്നെ അടുത്ത സ്വീകരണസ്ഥലം ലക്ഷ്യമാക്കിയുള്ള യാത്രയിൽ കണ്ടവരോട് കൈകൂപ്പിയും കുശലാന്വേഷണവും നടത്തി.
ഉളവുക്കാട് വല്ലത്ത് ജങ്ഷനിൽ എത്തുമ്പോൾ സ്ത്രീകളും കുട്ടികളടക്കം ജനക്കൂട്ടം. ഇവിടെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച മനോഹരനൃത്തം. ചെറുവാചകങ്ങളിലാണ് എല്ലായിടത്തും സ്ഥാനാർഥിയുടെ പ്രസംഗം. വോട്ട് നൽകി വിജയിപ്പിച്ചാൽ നിങ്ങളുടെ കൂടെ, എം.എസ്. അരുൺകുമാർ എം.എൽ.എക്കൊപ്പം എന്നും ഉണ്ടാകുമെന്നും പറഞ്ഞു.
ചിലർ തോർത്ത് അണിയിച്ചപ്പോൾ മറ്റുചിലർ ചുവന്ന റിബണാണ് മാലയായി ഉപയോഗിച്ചത്. കുട്ടികൾ മാതാപിതാക്കളുടെ തോളിലിരുന്നാണ് ഹാരം അണിയിച്ചത്. താലപ്പൊലിയേന്തി വനിതകൾ പല കേന്ദ്രങ്ങളിലും സ്വീകരിക്കാൻ എത്തിയിരുന്നു.
സ്ഥാനാർഥി ആവേശഭരിതനായാണ് ഒരോ സ്വീകരണ യോഗത്തിലും എത്തുന്നത്. മൂന്നാംഘട്ട സ്ഥാനാർഥി പര്യടനത്തിന് ആവേശോജ്ജ്വല സ്വീകരണമാണ് എല്ലായിടത്തും ലഭിച്ചത്. തെക്കേക്കര പഞ്ചായത്തിലെ ഉമ്പർനാട് പടിഞ്ഞാറ് രാവിലെ ആരംഭിച്ച പര്യടനത്തിന് മാവേലിക്കര മുനിസിപ്പാലിറ്റി, തഴക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം, ചുനക്കര പഞ്ചായത്തുകളിലായി 40 ഇടങ്ങളിലായിരുന്നു സ്വീകരണം.
ഉമ്പർനാട് പടിഞ്ഞാറ് നടന്ന സ്വീകരണ സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കൾ സംസാരിച്ചു.
വാത്തികുളം ബേക്കറി ജങ്ഷനിലാണ് പര്യടനപരിപാടി സമാപിച്ചത്. സമാപന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.